ദില്ലി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗള്‍ഫ് രാഷ്ട്രത്തലവന്മാരുമായി ടെലിഫോണില്‍ ചര്‍ച്ചകള്‍ നടത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ക്ഷേമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ച ചെയ്തു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാന മന്ത്രി മാര്‍ച്ച് 17ന് തന്നെ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അബുദാബി കീരിടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി എന്നിവരുമായി മാര്‍ച്ച് 26നും കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് ബിന്‍ ഹമദ് അല്‍ സബാഹുമായി ഏപ്രില്‍ ഒന്നിനും ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുമായി ഏപ്രില്‍ ആറിനും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ഏഴാം തീയ്യതിയുമാണ് പ്രധാനമന്ത്രി സംസാരിച്ചത്.

ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ക്ഷേമമമാണ് ചര്‍ച്ചകളില്‍ മുഖ്യവിഷയമായത്. ഇന്ത്യക്കാരുടെ ആരോഗ്യവും സുരക്ഷയും അതത് രാജ്യങ്ങളില്‍ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി രാഷ്ട്രത്തലവന്മാരോട് അഭ്യര്‍ത്ഥിച്ചു. പ്രതികൂല സാഹചര്യത്തിലും അതിനുവേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ഉറപ്പുനല്‍കിയതായും അധികൃതര്‍ അറിയിച്ചു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി നിലനില്‍ക്കുന്ന ലോക്ക്ഡൌണും വിമാനയാത്രാ വിലക്കും പ്രവാസികളെയും അവരുടെ കുടുബങ്ങളെയും ഭീതിയിലാഴ്ത്തിയ സാഹചര്യത്തിലാണ് അതിന് പരിഹാരം കാണാന്‍ പ്രധാനമന്ത്രി ഇക്കാര്യങ്ങളില്‍ നേരിട്ട് ഇടപെട്ടത്.

വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലും ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ കാര്യത്തില്‍ പ്രത്യേക പരിഗണന വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഗള്‍ഫ് രാഷ്ട്രത്തലന്മാരുമായി മോദിയ്ക്കുള്ള വ്യക്തിപരമായ അടുപ്പം കൂടി ഇടപെടലിന് സഹായകരമായെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.