റിയാദ്: സൗദി സ്വകാര്യ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളും സ്വന്തം ജീവനക്കാരുടെ താമസ സ്ഥലങ്ങളുടെ വിവരങ്ങള്‍​ സൗദി പാർപ്പിടകാര്യ മന്ത്രാലയത്തിന്​ കീഴിലെ ഈജാർ നെറ്റ്‍വർക്കിൽ രജിസ്‍റ്റർ ചെയ്യണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ താമസസ്ഥലങ്ങൾ ഈജാർ നെറ്റ്​വർക്കിൽ രജിസ്‍റ്റർ ചെയ്യാത്ത പക്ഷം വിദേശികൾക്ക് പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതും വർക്ക് പെർമിറ്റ് പുതുക്കിനൽകുന്നതും നിർത്തിവെക്കും. ഇതോടെ ഇഖാമ പുതുക്കാൻ കഴിയാതെയാവും. 

ജീവനക്കാരുടെ വ്യക്തിഗതവും കൂട്ടായുള്ളതുമായ താമസസ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ഥാപനങ്ങൾക്കുള്ള ഈജാർ നെറ്റ്‍വർക്കിലെ ഗ്രൂപ്പ് ഹൗസിങ് പ്ലാറ്റ്‍ഫോമിൽ വെളിപ്പെടുത്തണം. സ്ഥാപനങ്ങൾ പാലിക്കേണ്ട വ്യക്തവും നിർണിതവുമായ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തൊഴിലാളികളുടെ ജോലി സാഹചര്യങ്ങൾക്ക് നിരക്കുന്ന അനുയോജ്യമായ താമസസൗകര്യങ്ങൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ വിലയിരുത്തുകയും ചെയ്യും. കൂട്ടായതും വ്യക്തിഗതവുമായ പാർപ്പിട യൂനിറ്റുകളുടെ വിഭാഗങ്ങൾ, അവ വാടകക്കെടുത്തതാണോ, അതല്ല സ്വന്തം ഉടമസ്ഥതയിലുള്ളതാണോ തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തണം.