കുവൈത്തിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്ത് പ്രകടനങ്ങളോ ധര്‍ണകളോ നടത്താന്‍ അനുമതിയില്ലെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്‍ത് നാടുകടത്തും. ഇത് സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര മന്ത്രാലയം നല്‍കിയതായി അറബ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്‍തു. ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം കുവൈത്തിലെ ഫഹാഹീലില്‍ ചില പ്രവാസികള്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തിയിരുന്നു.
കുവൈത്തിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്ത് പ്രകടനങ്ങളോ ധര്‍ണകളോ നടത്താന്‍ അനുമതിയില്ലെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. പ്രകടനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും അവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാനുമുള്ള നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.
പിടിയിലാവുന്നവരെ പിന്നീട് കുവൈത്തിലേക്ക് പ്രവേശിക്കാനാവാത്ത വിധം നാടുകടത്തുമെന്നാണ് അല്‍ റായ് ദിനപ്പത്രത്തിലെ റിപ്പോര്‍ട്ട്. പ്രവാസികള്‍ കുവൈത്തിലെ നിയമങ്ങളെ ബഹുമാനിക്കണമെന്നും പ്രകടനങ്ങളില്‍ പങ്കെടുക്കരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. പ്രവാചക നിന്ദക്കെതിരെ കുവൈത്ത് ശക്തമായ പ്രതിഷേധം ഔദ്യോഗികമായി രേഖപ്പെടുത്തിരുന്നു.
Read also: നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ വ്യാപക പരിശോധന; 80 പേര്‍ അറസ്റ്റില്‍
പ്രവാചക നിന്ദയില്‍ പ്രതിഷേധം; ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് കുവൈത്തിലെ സൂപ്പര്‍ മാര്‍ക്കറ്റ്
കുവൈത്ത് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് കുവൈത്തിലെ പ്രാദേശിക സൂപ്പര്‍മാര്‍ക്കറ്റ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിച്ചു. കുവൈത്തില്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അൽ-അർദിയ കോഓപറേറ്റിവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യൻ ഉല്‍പന്നങ്ങള്‍ ഒഴിവാക്കിയത്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വില്‍പനയ്ക്ക് വച്ച അലമാരകള്‍ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ചുവച്ചശേഷം ഞങ്ങൾ ഇന്ത്യൻ ഉൽപന്നങ്ങൾ നീക്കം ചെയ്തു എന്ന് അറബിയിൽ കുറിപ്പും വെച്ചിട്ടുണ്ട്. കുവൈത്ത് മുസ്‍ലിം ജനതയെന്ന നിലയിൽ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരികരിക്കാനാവില്ലെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ പ്രതികരിച്ചു.
