സൗദി അറേബ്യയിൽ പൊതു അവധി പ്രഖ്യാപിച്ചു. സൗദി അറേബ്യയുടെ 96-ാമത് ദേശീയദിനത്തോടനുബന്ധിച്ചാണ് പൊതു അവധി പ്രഖ്യാപിച്ചത്. സൗദി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് പൊതു-സ്വകാര്യ, ലാഭരഹിത മേഖലകൾക്ക് അവധി സ്ഥിരീകരിച്ചത്. രാജ്യത്തുടനീളം വർണ്ണാഭമായ കരിമരുന്ന് പ്രയോഗം, എയർ ഷോകൾ, സാംസ്കാരിക പരിപാടികൾ എന്നിവയോടെ വിപുലമായ ആഘോഷങ്ങൾ നടക്കും.

റിയാദ്: സൗദി അറേബ്യയുടെ 96-ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചു. സെപ്റ്റംബർ 23 ബുധനാഴ്ചയാണ് (ഹിജ്റ 1448 റാബി ഉൽ ഥാനി 12) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് പൊതു-സ്വകാര്യ മേഖലകൾക്കും ലാഭരഹിത സ്ഥാപനങ്ങൾക്കുമുള്ള ഔദ്യോഗിക അവധി സ്ഥിരീകരിച്ചത്.

1932-ൽ സ്ഥാപകനായ അബ്ദുൽ അസീസ് രാജാവിന്റെ നേതൃത്വത്തിൽ സൗദി അറേബ്യൻ രാജ്യങ്ങളെ സംയോജിപ്പിച്ച് 'കിംഗ്ഡം ഓഫ് സൗദി അറേബ്യ' എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തതിന്റെ ഓർമ്മ പുതുക്കലാണ് സെപ്റ്റംബർ 23-ന് ദേശീയദിനമായി ആഘോഷിക്കുന്നത്. രാജ്യത്തുടനീളം വർണ്ണാഭമായ കരിമരുന്ന് പ്രയോഗം, സൈനിക-വ്യോമസേനകളുടെ എയർ ഷോകൾ, സംഗീത കച്ചേരികൾ, പരമ്പരാഗത നൃത്തങ്ങൾ, കുടുംബങ്ങൾക്കായുള്ള പ്രത്യേക പരിപാടികൾ എന്നിവയോടെയാണ് രാജ്യം ദേശീയദിനം ആഘോഷിക്കുന്നത്.

ആഘോഷങ്ങളുടെ ഭാഗമായി സൗദി ദേശീയ പതാകയുടെ നിറമായ പച്ച നിറത്തിലുള്ള ദീപങ്ങൾ കൊണ്ട് രാജ്യത്തെ പ്രമുഖ കെട്ടിടങ്ങളും തെരുവുകളും നഗരവീഥികളും ഇതിനോടകം തന്നെ അലങ്കരിച്ച് തുടങ്ങി. മ്യൂസിയങ്ങൾ, പൈതൃക ഗ്രാമങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ പ്രത്യേക പ്രദർശനങ്ങളും സാംസ്കാരിക വിരുന്നുകളും സംഘടിപ്പിക്കും. കഴിഞ്ഞ വർഷം നടന്ന 95-ാമത് ദേശീയദിനാഘോഷ വേളയിലും കണ്ണഞ്ചിപ്പിക്കുന്ന വ്യോമ-നാവിക അഭ്യാസപ്രകടനങ്ങൾ നടത്തിയിരുന്നു.