ഖത്തറിനെയും സൗദി അറേബ്യയെയും തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് അതിവേഗ ഇലക്ട്രിക് പാസഞ്ചർ ട്രെയിൻ പദ്ധതി. ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും സൗദി കിരീടാവകാശിയുടെയും സംയുക്ത അധ്യക്ഷതയിൽ ചേർന്ന ഏകോപന സമിതി യോഗത്തിലാണ് ​ സുപ്രധാന തീരുമാനം. 

ദോഹ: ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ഇരു രാജ്യങ്ങളിലേയും തലസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് അതിവേഗ ഇലക്ട്രിക് പാസഞ്ചർ ട്രെയിൻ പദ്ധതി യാഥാർത്ഥ്യമാകുന്നു. ഇതിനായുള്ള ചരിത്രപരമായ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചതോടെ ദോഹയ്ക്കും റിയാദിനും ഇടയിലുള്ള യാത്രാസമയം വെറും രണ്ട് മണിക്കൂറായി കുറയ്ക്കും.

ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും സൗദി കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാൻ രാജകുമാരന്‍റെയും സംയുക്ത അധ്യക്ഷതയിൽ തിങ്കളാഴ്​ച റിയാദിൽ ചേർന്ന സൗദി-ഖത്തർ ഏകോപന സമിതി യോഗത്തിലാണ് ​ സുപ്രധാന തീരുമാനവും കരാറൊപ്പിടലും നടന്നത്​. ഗള്‍ഫ് മേഖലയിലെ രണ്ട് രാജ്യങ്ങള്‍ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് റെയില്‍പാത പണിയുന്നത് ആദ്യമാണ്.

ഖത്തറിന്റെ തലസ്ഥാനമായ ദോഹയെയും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെയും ബന്ധിപ്പിക്കുന്ന പാത ദമ്മാം, ഹുഫൂഫ് തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെ കടന്നുപോകും. 785 കിലോമീറ്ററാണ് റെയിൽ പാതയുടെ ആകെ ദൈർഘ്യം കണക്കാക്കുന്നത്. മണിക്കൂറിൽ 300 കിലോമീറ്ററിൽ അധികം വേഗതയിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാൻ കഴിയും. ഈ പാത ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ റിയാദിലെ കിംഗ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ട് ബന്ധിപ്പിക്കും.

നിലവിൽ റോഡ്​, വ്യോമ ഗതാഗത മാർഗങ്ങളാണ്​ ഇരു രാജ്യങ്ങളും തമ്മിലുള്ളത്​. അതിവേഗ റെയി​ൽവേ പദ്ധതി പൂർത്തിയാകുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിലെ ഗതാഗത സൗകര്യങ്ങളിൽ വിപ്ലവകരമായ കുതിപ്പുണ്ടാവും. ആറ് വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി ഇരു രാജ്യങ്ങൾക്കും വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിവർഷം 10 ദശലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം നൽകുന്നതോടൊപ്പം മേഖലയിലെ മൊബിലിറ്റി, ടൂറിസം, ബിസിനസ്സ് എന്നിവ മെച്ചപ്പെടുത്തും. നിരവധി പേര്‍ക്ക് തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുന്നതാണ് പദ്ധതി. ഇരുരാജ്യങ്ങളിലുമായി മുപ്പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ ഇരു രാജ്യങ്ങളുടെയും മൊത്ത ആഭ്യന്തര ഉത്പാദനത്തിലേക്ക് (ജിഡിപി) പ്രതിവർഷം 115 ബില്യൺ റിയാൽ വരെ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷ.

ആഗോള സുരക്ഷാ-സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായാണ് റെയിൽ പാത നിർമ്മിക്കുക. പരിസ്ഥിതി സുസ്ഥിരതയെ പിന്തുണയ്ക്കുകയും കാർബൺ ഉദ്‌വമനം കുറയ്ക്കുകയും ചെയ്യുന്നതായിരിക്കും പദ്ധതി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള ട്രെയിന്‍ ആയിരിക്കും സര്‍വീസ് നടത്തുക. പ്രതിവർഷം ഒരു കോടിയിലധികം യാത്രക്കാരെ ഈ അതിവേഗ റെയിൽ ശൃംഖല വഴി പ്രതീക്ഷിക്കുന്നു. ഖത്തറിനെതിരായ നാല് വര്‍ഷം നീണ്ട ഉപരോധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ അതിവേഗ ഇലക്ട്രിക് റെയിൽ പദ്ധതി.