ലോകമെമ്പാടുമുള്ള 150 നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ഓഫര്‍ നിരക്കില്‍ ലഭ്യമാവുമെന്നാണ് ഖത്തര്‍ എയര്‍വേയ്‍സ് പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നത്. 

ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‍സ്. പ്രീമിയം, ഇക്കണോമി ക്ലാസുകളിലെ ടിക്കറ്റ് നിരക്കില്‍ 25 ശതമാനം വരെ ഓഫര്‍ കാലയളവില്‍ ഇളവ് ലഭിക്കും. ഡിസംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 17 വരെയാണ് പ്രത്യേക നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുക.

ലോകമെമ്പാടുമുള്ള 150 നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ഓഫര്‍ നിരക്കില്‍ ലഭ്യമാവുമെന്നാണ് ഖത്തര്‍ എയര്‍വേയ്‍സ് പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നത്. ഡിസംബര്‍ ഒന്‍പത് മുതല്‍ അടുത്ത വര്‍ഷം ജൂണ്‍ ആറ് വരെയുള്ള കാലയളവില്‍ യാത്ര ചെയ്യാന്‍ ഇപ്പോഴത്തെ ഓഫര്‍ പ്രകാരം ടിക്കറ്റുകളെടുക്കാം. ടിക്കറ്റ് നിരക്കിലെ ഇളവിന് പുറമെ ഖത്തര്‍ എയര്‍വേയ്‍സ് പ്രിവേലേജ് ക്ലബ്ബ് അംഗങ്ങള്‍ക്കായി പ്രത്യേക ബോണസ് പോയിന്റുകളും ലഭിക്കും. വെബ്‍സൈറ്റിലൂടെയോ ഖത്തര്‍ എയര്‍വേയ്‍സ് സെയില്‍സ് ഓഫീസുകള്‍ വഴിയോ ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ഉള്ള ബുക്കിങുകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാവുമെന്ന് അറിയിച്ചിട്ടുണ്ട്.

ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി നല്‍കുന്ന ഈ പ്രത്യേക ഓഫറിലൂടെ ഖത്തറിലെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് തങ്ങള്‍ തെളിയിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‍സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബകര്‍ പറഞ്ഞു. ദോഹയിലെ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളം വഴി 150ല്‍ അധികം നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് നടത്തുന്നത്.

Read also:  പ്രവാസി എഞ്ചിനീയര്‍മാര്‍ക്കായി രജിസ്‍ട്രേഷന്‍ ആരംഭിച്ച് ഇന്ത്യന്‍ എംബസി; 22ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം

പെര്‍മിറ്റില്ലാതെ സൗദി - ഖത്തര്‍ അതിര്‍ത്തിയിലെത്തുന്ന വാഹനങ്ങള്‍ തിരിച്ചയക്കും
ഖത്തറിലേക്ക് സ്വന്തം വാഹനങ്ങളില്‍ പോകാന്‍ ആഗ്രഹിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാരും പ്രവാസികളും യാത്രയ്ക്കായി മുന്‍കൂര്‍ പെര്‍മിറ്റ് എടുത്തിരിക്കണമെന്ന് സൗദി അറേബ്യയുടെ പബ്ലിക് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. പെര്‍മിറ്റില്ലാതെ സൗദി - ഖത്തര്‍ അതിര്‍ത്തിയില്‍ എത്തുന്ന എല്ലാ വാഹനങ്ങളും തിരിച്ചയക്കുമെന്നും അറിയിപ്പില്‍ പറയുന്നു. പെര്‍മിറ്റെടുക്കാതെ എത്തിയ നിരവധിപ്പേര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കാതെ മടങ്ങിപ്പോകേണ്ടി വന്ന സാഹചര്യത്തിലാണ് അറിയിപ്പ്.