ദോഹ: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.ആം.ആര്‍) അംഗീകാരമുള്ള എല്ലാ ലാബുകളിലെയും കൊവിഡ് പരിശോധനാഫലം സ്വീകരിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഓഗസ്റ്റ് 13 മുതല്‍ ഇന്ത്യ ഉള്‍പ്പെടെ ചില രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കിയാല്‍ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂവെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രകള്‍ക്കും ഖത്തര്‍ എയര്‍വേയ്സ് കൊവിഡ് നെഗറ്റീവ് റിസള്‍ട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്. രാജ്യത്ത് ഐ.സി.എം.ആര്‍ അംഗീകാരമുള്ള  എല്ലാ സര്‍ക്കാര്‍, സ്വകാര്യ ലാബുകളില്‍ നിന്നുമുള്ള പരിശോധനാ ഫലം അംഗീകരിക്കുമെന്ന് കമ്പനിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു. അംഗീകൃത പരിശോധനാ കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള ലിങ്ക് ഖത്തറിലെ ഇന്ത്യന്‍ എംബസിയും ട്വീറ്റ് ചെയ്‍തിട്ടുണ്ട്.