നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവന്ന കണ്ടെയ്നറില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉത്പന്നങ്ങള്‍. രാജ്യത്തേക്ക് നിയമ വിരുദ്ധ സാധനങ്ങള്‍ കൊണ്ടുവരരുതെന്ന് നിരന്തരം മുന്നറിയിപ്പ് നല്‍കാറുള്ള വിവരം കസ്റ്റംസ് ഓര്‍മിപ്പിച്ചു.

ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങള്‍ കസ്റ്റംസ് പിടികൂടി. ഹമദ് പോര്‍ട്ടില്‍ കെട്ടിട നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവന്ന കണ്ടെയ്‍നറില്‍ ഒളിപ്പിച്ചാണ് 810 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍ കൊണ്ടുവന്നത്. ഖത്തര്‍ കസ്റ്റംസിന്റെ മാരിടൈം കസ്റ്റംസ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.

നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവന്ന കണ്ടെയ്നറില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉത്പന്നങ്ങള്‍. രാജ്യത്തേക്ക് നിയമ വിരുദ്ധ സാധനങ്ങള്‍ കൊണ്ടുവരരുതെന്ന് നിരന്തരം മുന്നറിയിപ്പ് നല്‍കാറുള്ള വിവരം കസ്റ്റംസ് ഓര്‍മിപ്പിച്ചു. കള്ളക്കടത്ത് തടയുന്നതിന് നിരന്തരം പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരും അത്യാധുനിക സംവിധാനങ്ങളും കസ്റ്റംസിനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കള്ളക്കടത്തുകാര്‍ ഉപയോഗിക്കുന്ന നൂതന മാര്‍ഗങ്ങള്‍ പോലും തിരിച്ചറിയാന്‍ സാധിക്കുമെന്നും ശരീര ഭാഷയില്‍ നിന്നുപോലും കള്ളക്കടത്തുകാരെ തിരിച്ചറിയാന്‍ സാധിക്കുമെന്നും കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

നിയമ ലംഘനം; ഒമാനില്‍ നിരവധി മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു
മസ്‍കത്ത്: രാജ്യത്തെ മത്സ്യബന്ധന നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഒമാനില്‍ ഇരുപതിലധികം മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്‍തു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് അഗ്രികള്‍ച്ചറല്‍ വെല്‍ത്ത് ഫിഷറീസ് ആന്റ് വാട്ടര്‍ റിസോഴ്‍സസിന്റെ നേതൃത്വത്തില്‍ ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു പരിശോധന.

ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. നമ്പറുകളില്ലാത്ത നാല് മത്സ്യബന്ധന ബോട്ടുകളില്‍ നിന്ന് 18 തൊഴിലാളികളെ അറസ്റ്റ് ചെയ്‍തു. നിയമ വിരുദ്ധമായി മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ലൈസന്‍സില്ലാത്ത വലകളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ എല്ലാവര്‍ക്കുമെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

കുവൈത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനിതാ ജീവനക്കാർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനിതാ സർക്കാർ ജീവനക്കാർ അറസ്റ്റിൽ. പാസ്പോർട്ട് ഓഫീസിലെ ചില ഇടപാടുകൾ പൂർത്തിയാക്കി നൽകുന്നതിനായി പണം വാങ്ങുന്നതിനിടെയാണ് താമസകാര്യ വകുപ്പിലെ ജീവനക്കാരികൾ പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ അഡ്‍മിനിസ്ട്രേഷൻ ഓഫ് റസിഡൻസി അഫയേഴ്‍സ് ഉദ്യോ​ഗസ്ഥർ തന്നെയാണ് ഇരുവരെയും അറസ്റ്റ് ചെയ്‍തത്. തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയെന്ന് അധികൃതർ അറിയിച്ചു.