ജിപ്സം കൊണ്ടുള്ള അലങ്കാര വസ്തുവിൽ ഒളിപ്പിച്ച നിലയിൽ നാല് പാക്കറ്റുകളിലായാണ് രണ്ട് കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
ദോഹ: എയർ കാർഗോ വഴി രാജ്യത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം തടഞ്ഞ് ഖത്തർ കസ്റ്റംസ്. എയർ കാർഗോ വഴിയെത്തിയ പാഴ്സലിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. പാഴ്സലുകളിലൊന്നിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയും തുടർന്ന് അത് തുറന്ന് പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ ജിപ്സം കൊണ്ടുള്ള അലങ്കാര വസ്തുവിൽ ഒളിപ്പിച്ച നിലയിൽ നാല് പാക്കറ്റുകളിലായി ഏകദേശം രണ്ട് കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ഖത്തറിലേക്ക് നിരോധിത വസ്തുക്കൾ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനെതിരെ അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. കള്ളക്കടത്തിനും കസ്റ്റംസ് നിയമലംഘനങ്ങൾക്കും എതിരായ ദേശീയ 'കാഫിഹ്' കാമ്പയിന് പിന്തുണ നൽകാൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപെട്ടു. 16500 എന്ന നമ്പറിലൂടെയോ kafih@customs.gov.qa ഇമെയിൽ വഴിയോ പൊതുജനങ്ങൾക്ക് രഹസ്യമായി വിവരങ്ങൾ കൈമാറാവുന്നതാണ്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിലും പുതിയ കള്ളക്കടത്ത് രീതികൾ കണ്ടെത്തുന്നതിലും ഉൾപ്പെടെ തുടർച്ചയായ പരിശീലനം ലഭിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.


