രാജ്യത്തേക്ക് വരികയായിരുന്ന ഒരു യാത്രക്കാരന്‍ കൊണ്ടുവന്ന കാര്‍ട്ടന്‍ ബോക്സിലായിരുന്നു ഹാഷിഷ് ഒളിപ്പിച്ചിരുന്നതെന്ന് ഖത്തര്‍ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. 

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായി. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ ലഗേജില്‍ നിന്ന് ഹാഷിഷ് കണ്ടെടുത്തു. രണ്ട് കിലോയിലധികം ഹാഷിഷ് ആണ് ലഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കൊണ്ടുവന്നത്.

പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. രാജ്യത്തേക്ക് വരികയായിരുന്ന ഒരു യാത്രക്കാരന്‍ കൊണ്ടുവന്ന കാര്‍ട്ടന്‍ ബോക്സിലായിരുന്നു ഹാഷിഷ് ഒളിപ്പിച്ചിരുന്നതെന്ന് ഖത്തര്‍ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. 2061 ഗ്രാം മയക്കുമരുന്നുണ്ടായിരുന്നു ഇയാളുടെ കൈവശം. സാധനങ്ങള്‍ പിടിച്ചെടുക്കുകയും ഇയാള്‍ക്കെതിരെ നിയമപ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്‍തതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു.

Scroll to load tweet…

ഈ മാസം നേരത്തെയും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ കസ്റ്റംസ് അധികൃതര്‍ വിഫലമാക്കിയിരുന്നു. എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് കസ്റ്റംസിന് കീഴിലുള്ള പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞയാഴ്‍ച ക്രിസ്റ്റല്‍ മെത്ത് കടത്താനുള്ള ശ്രമമാണ് പരാജയപ്പെടുത്തിയത്.

വിദേശത്തു നിന്ന് ഖത്തറിലേക്ക് കൊണ്ടുവന്ന വാട്ടര്‍ ഫില്‍ട്ടറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്ന് കൊണ്ടുവന്നത്. ആകെ 900 ഗ്രാം മയക്കുമരുന്നാണ് ഇങ്ങനെ കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഇത് കണ്ടെത്തി പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത സാധനങ്ങളുടെയും ഇതിനായി ഉപയോഗിച്ച വാട്ടര്‍ ഫില്‍ട്ടറുകളുടെയും ചിത്രങ്ങള്‍ അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

രാജ്യത്തേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമങ്ങളും ഏതാനും ദിവസം മുമ്പ് ഖത്തര്‍ കസ്റ്റംസ് വിഫലമാക്കിയിരുന്നു. ഇരുമ്പ് കൊണ്ട് നിര്‍മിച്ച ചില സ്‍പെയര്‍ പാര്‍ട്‍സുകളുടെ ഉള്ളില്‍ ട്യുബുകളില്‍ നിറച്ച നിലയാലിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ആകെ 280 ഗ്രാം ഹാഷിഷാണ് ഇങ്ങനെ ഖത്തറിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഇതും കണ്ടെത്തി തടയാന്‍ സാധിച്ചു.