ദോഹ: ഖത്തറിലെ ഹമദ് പോര്‍ട്ട് വഴി കടത്താന്‍ ശ്രമിച്ച പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി. ഉപ്പ് പായ്ക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് ജനറല്‍ അതോരിറ്റി ഓഫ് കസ്റ്റംസിന്റെ ഇടപെടലിലൂടെ വിഫലമായത്.

274 ഉപ്പ് പായ്ക്കറ്റുകളിലായി 1644 കിലോഗ്രാം പുകയില ഉത്പ്പന്നങ്ങളാണ് ഇങ്ങനെ കടത്താന്‍ ശ്രമിച്ചത്. ഇവയുടെ വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. നിരോധിത ഉത്പന്നങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കരുതെന്നും പിടിയിലാവുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം കള്ളക്കടത്തുകള്‍ പിടികൂടാനുള്ള അത്യാധുനിക ഉപകരണങ്ങളും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.