അമേരിക്കയിലെ ടെക്സസിലുള്ള ഗോൾഡൻ പാസ് എൽ.എൻ.ജി പദ്ധതിയിൽ നിന്ന് ഖത്തർ എനർജി ആദ്യ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി ആരംഭിച്ചു. ഖത്തർ എനർജിക്ക് 70 ശതമാനവും എക്സോൺ മൊബീലിന് 30 ശതമാനവും ഓഹരിയുള്ള ഈ സംരംഭം, അമേരിക്കൻ ഊർജ്ജ മേഖലയിലെ ഖത്തറിന്റെ ഏറ്റവും വലിയ നിക്ഷേപമാണ്.  

ദോഹ: അമേരിക്കയിലെ ടെക്സസിലുള്ള 'ഗോൾഡൻ പാസ്' എൽ.എൻ.ജി പദ്ധതിയിൽ നിന്നുള്ള ആദ്യ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി ആരംഭിച്ച് ഖത്തർ എനർജി. ഖത്തർ എനർജിക്ക് 70 ശതമാനവും എക്സോൺ മൊബീലിന് 30 ശതമാനവും ഓഹരി പങ്കാളിത്തമുള്ള ഈ സംരംഭം അമേരിക്കൻ ഊർജ്ജ മേഖലയിലെ ഖത്തറിന്റെ ഏറ്റവും വലിയ നിക്ഷേപമാണ്. ഏപ്രിൽ 23ന്, ടെക്സസിലെ സാബിൻ പാസിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിൽ നിന്ന് ആദ്യ എൽ.എൻ.ജി കാർഗോ പുറപ്പെട്ടതായി ഖത്തർ എനർജി ഔദ്യോഗികമായി അറിയിച്ചു. പുതുതായി നിർമ്മിച്ച 'അൽ-ഖയ്യ' എന്ന എൽ.എൻ.ജി കപ്പലിലാണ് ആദ്യത്തെ ചരക്ക് പുറപ്പെട്ടത്.

ഏകദേശം 20 ബില്യൺ ഡോളർ ചിലവിൽ നിർമ്മിച്ച ഈ ഭീമാകാരമായ പദ്ധതിക്ക് പ്രതിവർഷം 18 ദശലക്ഷം ടൺ എൽ.എൻ.ജി ഉത്പാദിപ്പിക്കാനുള്ള ശേഷിയാണുള്ളത്. പദ്ധതിയിൽ ഉൾപ്പെടുന്ന മൂന്ന് എൽ.എൻ.ജി ട്രെയിനുകളിൽ ആദ്യത്തേതിൽ നിന്നാണ് ഇപ്പോൾ ഉത്പാദനം ആരംഭിച്ചിരിക്കുന്നത്. ആഗോള ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ വർദ്ധിച്ചു വരുന്ന പ്രകൃതിവാതകത്തിന്റെ ആവശ്യം നിറവേറ്റുന്നതിനും ഈ പദ്ധതി വലിയ സഹായമാകുമെന്ന് ഖത്തർ ഊർജ്ജ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സാദ് ഷെരീദ അൽ കാബി പറഞ്ഞു.

2019 ഫെബ്രുവരിയിലാണ് ഗോൾഡൻ പാസ് എൽ.എൻ.ജി പദ്ധതി വികസിപ്പിക്കുന്നതിനായി 10 ബില്യൺ യു.എസ് ഡോളറിലധികം നിക്ഷേപിക്കാനുള്ള തീരുമാനം ഖത്തർ എനർജിയും എക്സോൺ മൊബീലും പ്രഖ്യാപിച്ചത്. 2026 മാർച്ച് 30ന് ആദ്യ ഉത്പാദനം ആരംഭിച്ച പദ്ധതിയുടെ ഒന്നാം ഘട്ടം നിലവിൽ പൂർണ്ണസജ്ജമായിക്കഴിഞ്ഞു. വരും മാസങ്ങളിൽ രണ്ടും മൂന്നും ഘട്ടങ്ങൾ കൂടി പ്രവർത്തനക്ഷമമാകുന്നതോടെ പ്രതിവർഷം 1.8 കോടി ടണ്ണിലധികം എൽ.എൻ.ജി ഉൽപ്പാദിപ്പിക്കാൻ ഗോൾഡൻ പാസ് പദ്ധതിക്ക് ശേഷിയുണ്ടാകും. 

അമേരിക്കയിലെ ഷെയ്‌ൽ ഗ്യാസ് ശേഖരത്തെ പ്രയോജനപ്പെടുത്തി ആഗോള തലത്തിൽ കൂടുതൽ പ്രകൃതിവാതകം എത്തിക്കാൻ ഈ പ്ലാന്റിലൂടെ സാധിക്കും. പദ്ധതിയുടെ ആകെ ഉത്പാദനത്തിന്റെ 70 ശതമാനവും ഖത്തർ എനർജിയുടെ പൂർണ ഉടമസ്ഥതയിലുള്ള എൽ.എൻ.ജി വ്യാപാര സ്ഥാപനമായ 'ഖത്തർ എനർജി ട്രേഡിംഗ്' വഴിയാണ് ആഗോള വിപണിയിൽ എത്തിക്കുക. ഖത്തർ എനർജിയുടെ രാജ്യാന്തര നിക്ഷേപ തന്ത്രങ്ങളിലെ നിർണ്ണായക നാഴികക്കല്ലാണ് ഈ നേട്ടം. അമേരിക്കയിൽ നിന്നുള്ള പുതിയ കയറ്റുമതി വഴി അന്താരാഷ്ട്ര എൽ.എൻ.ജി വിപണിയിൽ ഖത്തർ തങ്ങളുടെ സ്വാധീനം ഒന്നുകൂടി വർദ്ധിപ്പിക്കുകയാണ്.