കുട്ടികൾ, പ്രായമായവർ, നിത്യരോഗികൾ തുടങ്ങി പ്രതിരോധ ശേഷി കുറഞ്ഞവർക്കെല്ലാം ആർ.എസ്.വി കുത്തിവെപ്പ് എടുക്കണമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ദോഹ: കാലാവസ്ഥാ മാറ്റത്തെ തുടർന്നുണ്ടാകുന്ന രോഗങ്ങൾക്കതിരെ പ്രതിരോധ കുത്തിവെപ്പിന് ആഹ്വാനം ചെയ്ത് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. പനി, ജലദോഷം, കഫക്കെട്ട് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇടയാക്കുന്ന റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിനെതിരെ മുൻകരുതലായി വാക്‌സിനെടുക്കാനാണ് പൊതുജനങ്ങളോട് ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയത്.
കുട്ടികൾ, പ്രായമായവർ, നിത്യരോഗികൾ തുടങ്ങി പ്രതിരോധ ശേഷി കുറഞ്ഞവർക്കെല്ലാം ആർ.എസ്.വി കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്. ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ഒരു സാധാരണ വൈറസായാണ് റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിനെ കണക്കാക്കുന്നത്. മൂക്കൊലിപ്പ്, വരണ്ട ചുമ, തൊണ്ടവേദന, തുമ്മൽ, തലവേദന, നേരിയ പനി എന്നിവയാണ് ആർ.എസ്.വിയുടെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ, ജലദോഷത്തിൽ നിന്നോ മറ്റ് ശ്വസന വൈറസുകളിൽ നിന്നോ ആർഎസ്‌വിയെ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാക്കും.
ആന്റിജൻ പരിശോധനയിലൂടെയാണ് ആർഎസ്‌വി കണ്ടെത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അണുബാധകൾക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ആർ.എസ്.വി. കൂടാതെ പ്രായമായവരിൽ ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ഇത് കാരണമാകുന്നു. അസുഖം ബാധിച്ചവരിൽ നിന്നും വേഗത്തിൽ പടരാനും സാധ്യതയുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ ന്യൂമോണിയ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കും.
Read Also - യുഎഇയിൽ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം, രക്ഷപ്പെടാൻ ചാടിയവരടക്കം 5 പേർ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു
വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാവും. ഏറ്റവും അടുത്തുള്ള പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ(പി.എച്ച്.സി.സി) കേന്ദ്രങ്ങൾ സന്ദർശിക്കുകയോ, 107 എന്ന നമ്പറിൽ വിളിച്ച് ഷെഡ്യൂൾ ചെയ്യുകയോ ആവാം. 60 വയസ്സിനു മുകളിലുള്ള മുതിർന്നവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർ ആർ.എസ്.വി വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
