ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്ന റസ്റ്റോറന്റുകൾ, കഫറ്റീരിയകൾ, കമ്പനി മെസ്സുകൾ എന്നിവ കേന്ദ്രീകരിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പരിശോധന ക്യാമ്പയിൻ നടത്തി. 

ദോഹ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്ന റസ്റ്റോറന്റുകൾ, കഫറ്റീരിയകൾ, കമ്പനി മെസ്സുകൾ എന്നിവ കേന്ദ്രീകരിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പരിശോധന ക്യാമ്പയിൻ നടത്തി. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുക, ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽ ശുചിത്വം ഉറപ്പാക്കുക, പൊതുജനാരോഗ്യം സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിശോധന ക്യാമ്പയിൻ.

ഈ വർഷം ജൂൺ മുതൽ ഒക്ടോബർ വരെ നടന്ന ക്യാമ്പയിനിൽ 479 റെസ്റ്റോറന്റുകളും കഫറ്റീരിയകളും പരിശോധിച്ചു. ഏകദേശം 95,000 തൊഴിലാളികൾക്ക് സേവനം നൽകുന്ന 191 കമ്പനി ഭക്ഷണ ശാലകളിലും പരിശോധന നടത്തി. ആവശ്യമുള്ള മേഖലകളിൽ മെച്ചപ്പെടുത്തൽ വരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഓരോ ഇടത്തും മൂന്ന് തവണയോളം സന്ദർശനം നടത്തി.

പരിശോധനയ്ക്കായി 1,813 ഭക്ഷണ സാമ്പിളുകൾ ആരോഗ്യ മന്ത്രാലയം ശേഖരിച്ചു. എല്ലാ സാമ്പിളുകളും ആവശ്യമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. പരിശോധനയുടെ ഭാഗമായി ഇൻസ്പെക്ടർമാർ 1,650 ൽ അധികം സന്ദർശനങ്ങളാണ് നടത്തിയത്. ആദ്യ പരിശോധനയ്ക്ക് ശേഷം 82% ത്തിലധികം ഭക്ഷണ ശാലകളും അവയുടെ റേറ്റിംഗ് മെച്ചപ്പെടുത്തി.

ശുചിത്വം പാലിക്കുന്നതിന്റെയും ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കുന്നതിന്റെയും ആവശ്യകത സംബന്ധിച്ച് അവബോധം ശക്തിപ്പെടുത്തുന്നതിനായി പരിശോധനകൾ തുടരുമെന്നും, ശേഷിക്കുന്ന ഇടങ്ങളിൽ പരിശോധനകൾ നടത്തുമെന്നും, ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കായി പരിശീലനം സംഘടിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.