സ്കൂൾ ക്യാന്റീനുകളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ പരിശോധന ശക്തമാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. സ്കൂൾ ക്യാന്റീനുകളിൽ ഭക്ഷണമെത്തിക്കുന്ന വിതരണക്കാർ ഭക്ഷ്യ സുരക്ഷാ മാനദണ്ഡവും ആരോഗ്യ അവശ്യകതകളും പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും.

ദോഹ: വിദ്യാർഥികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ സ്കൂൾ ക്യാന്റീനുകളിൽ നിരീക്ഷണം ശക്തമാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. സ്കൂൾ ക്യാന്റീനുകളിൽ ഉയർന്ന ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കും. സ്കൂൾ ക്യാന്റീനുകളിൽ ഭക്ഷണമെത്തിക്കുന്ന വിതരണക്കാർ ഭക്ഷ്യ സുരക്ഷാ മാനദണ്ഡവും ആരോഗ്യ അവശ്യകതകളും പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. ഈ ശ്രമത്തിന്റെ ഭാഗമായി, സ്കൂൾ കാന്റീനുകളിലേക്ക് ഭക്ഷ്യ വിതരണക്കാരെ യോഗ്യരാക്കുന്നതിനുള്ള സമഗ്ര പദ്ധതി മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് 67 ഇടങ്ങളിൽ പരിശോധന നടത്തി.

ഇതിന് പുറമെ സ്കൂളുകൾ, കിൻഡർ ഗാർട്ടനുകൾ, നേഴ്സറികൾ എന്നിവിടങ്ങളിൽ കുടിവെള്ളം അടക്കമുള്ള കാര്യങ്ങളിൽ ശുചിത്വവും സുരക്ഷയും പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സമഗ്ര സർവേയും നടത്തി. ഭക്ഷണ വിതരണക്കാർ, പാചകക്കാർ, ക്യാന്റീൻ സൂപ്പർവൈസർമാർ എന്നിവർക്ക് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും നിലവാരം ഉയർത്തുന്നതിനും ലംഘനങ്ങൾ കുറയ്ക്കുന്നതിനുമായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഇൻസ്‌പെക്ടർമാർ അവബോധ ക്ലാസുകൾ നൽകും.

വിദ്യാർത്ഥികൾക്കിടയിൽ ഭക്ഷ്യസുരക്ഷാ സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ ഭക്ഷ്യസുരക്ഷാ അവബോധം പ്രോത്സാഹിപ്പിക്കാൻ കർമ്മ പദ്ധതിയും നടപ്പാക്കും. നിലവിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്കൂൾ കാന്റീനുകളിൽ ഭഷ്യ സുരക്ഷാ വകുപ്പ് പതിവ് പരിശോധനകൾ നടത്തുന്നുണ്ട്.