ഒക്ടോബറില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഗ്രേസ് പീരിഡ് പ്രയോജനപ്പെടുത്താന്‍ ഇതുവരെ ഇരുപതിനായിരത്തിലധികം പേര്‍ അപേക്ഷ നല്‍കി.

ദോഹ: ഖത്തറില്‍ പ്രവാസികളുടെ താമസം നിയമ വിധേയമാക്കാന്‍ അനുവദിച്ചിരിക്കുന്ന ഗ്രേസ് പീരിഡ് ഉപയോഗപ്പെടുത്തി ഇതുവരെ അപേക്ഷ നല്‍കിയത് ഇരുപതിനായിരത്തിലധികം പേര്‍‍. ഒക്ടോബര്‍ 10ന് ആരംഭിച്ച ഗ്രേസ് പീരിഡ് ഉപയോഗപ്പെടുത്തിയവരുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടത്.

താമസം നിയമവിധേയമാക്കാനായി അടയ്‍ക്കേണ്ട തുകയില്‍ 50 ശതമാനം ഇളവ് കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയും കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഡിസംബര്‍ 31 വരെയാണ് ഗ്രേസ് പീരിഡ് ആനുകൂല്യം ലഭ്യമാവുന്നത്. രാജ്യത്തേക്കുള്ള പ്രവാസികളുടെ പ്രവേശനം, മടക്കം, താമസം എന്നിവ സംബന്ധിച്ച 21/2015 നിയമത്തിന്റെ ലംഘനങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ഗ്രേസ് പീരിഡിലൂടെ പരിഹരിക്കാനാവുന്നത്. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികളെ ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഇന്ന് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കവെ ക്യാപ്റ്റര്‍ മുഹമ്മദ് അലി അല്‍ റാഷിദ് പറഞ്ഞു.

ഗ്രേസ് പീരിഡ് പ്രഖ്യാപിച്ച 2021 ഒക്ടോബര്‍ 10 ശേഷം നിയമ ലംഘനങ്ങള്‍ നടത്തിയവരില്‍ നിന്നും ഈ തീയ്യതിക്ക് ശേഷം ജോലി സ്ഥലത്തുനിന്ന് ഒളിച്ചോടിയതായി പരാതി ലഭിച്ചവരില്‍ നിന്നും അപേക്ഷ സ്വീകരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ അഞ്ച് സര്‍വീസ് സെന്ററുകളില്‍ ഏതിലെങ്കിലുമാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. എല്ലാ നിബന്ധനകളും പാലിക്കുന്നവയാണെങ്കില്‍ അഞ്ച് ദിവസത്തിനകം അപേക്ഷയില്‍ തീരുമാനമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.