'ജീവന്‍ അപകടത്തിലാവുന്ന അസുഖമോ പരിക്കുകളോ സംഭവിക്കുന്ന ഒരാള്‍ക്ക് അടിയന്തര മെഡിക്കല്‍ സഹായം എത്തിക്കുകയും അവരെ എത്രയും വേഗം ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിക്കുകയുമാണ് ആംബുലന്‍സ് സര്‍വീസിന്റെ ലക്ഷ്യമെന്ന്' ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ആംബുലന്‍സ് സര്‍വീസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അലി ദര്‍വീശ്
ദോഹ: അത്യാഹിത സാഹചര്യങ്ങളിലല്ലാതെ നിസാര കാരണങ്ങള്‍ക്ക് ആംബുലന്‍സുകള്‍ വിളിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തറില്‍ ക്യാമ്പയിന്‍. 'ആംബുലന്‍സുകളെ അത്യാഹിത സാഹചര്യങ്ങളിലേക്ക് കരുതി വെയ്ക്കാം' എന്ന തലക്കെട്ടിലാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഇന്നു മുതല്‍ ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. 999 എന്ന എമര്‍ജന്‍സി നമ്പറിലേക്ക് അത്യാവശ്യമില്ലാത്ത ഫോണ്‍ കോളുകള്‍ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം.
'ജീവന്‍ അപകടത്തിലാവുന്ന അസുഖമോ പരിക്കുകളോ സംഭവിക്കുന്ന ഒരാള്‍ക്ക് അടിയന്തര മെഡിക്കല്‍ സഹായം എത്തിക്കുകയും അവരെ എത്രയും വേഗം ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിക്കുകയുമാണ് ആംബുലന്‍സ് സര്‍വീസിന്റെ ലക്ഷ്യമെന്ന്' ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ആംബുലന്‍സ് സര്‍വീസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അലി ദര്‍വീശ് പറഞ്ഞു. മസ്‍തിഷ്‍കാഘാതം, ഹൃദയാഘാതം, റോഡപകടങ്ങള്‍ തുടങ്ങിയവ സംഭവിക്കുന്ന ആളുകള്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ പരിചരണം ദിവസവും ആംബുലന്‍സ് വിഭാഗം നല്‍കിവരുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് പരമാവധി വേഗത്തില്‍ ഫലപ്രദമായ പരിചരണം ലഭ്യമാക്കുന്നതിന് വേണ്ടി, അത്യാവശ്യമല്ലാത്ത കാരണങ്ങള്‍ക്ക് 999 എന്ന നമ്പറില്‍ വിളിച്ച് ആംബുലന്‍സ് സഹായം തേടുന്നത് ഒഴിവാക്കണം. പകരം ഇവര്‍ സ്വന്തം നിലയ്ക്ക് ആശുപത്രിയിലെത്തി ചികിത്സ തേടുകയാണ് വേണ്ടത്.
എന്നാല്‍ ജീവന്‍ അപകടത്തിലാവുന്ന ആരോഗ്യ സ്ഥിതി നേരിടുന്നവര്‍ 999ല്‍ വിളിച്ച് സഹായം തേടുന്നതിന് മടി കാണിക്കേണ്ടതില്ലെന്നും ദര്‍വീശ് പറഞ്ഞു. അത്യാവശ്യ സാഹചര്യങ്ങളിലുള്ള ഫോണ്‍ കോളുകള്‍ കുറയ്ക്കാനല്ല ഈ ക്യാമ്പയിനിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ജീവന്‍ അപകടത്തിലാവുന്ന ഒരു മെഡിക്കല്‍ സാഹചര്യം ഖത്തറിലെ ഏതൊരാള്‍ക്ക് നേരിടേണ്ടി വന്നാലും ആംബുലന്‍സ് സര്‍വീസ് ടീം സഹായിക്കാന്‍ സന്നദ്ധമാണ്. രാജ്യത്തുടനീളം സജ്ജീകരിച്ചിട്ടുള്ള 75 പോയിന്റുകളില്‍ നിന്ന് അത്യാധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സ് സംഘം അത്യാഹിത സ്ഥലത്തേക്ക് കുതിച്ചെത്തും. സഹായം തേടിയുള്ള ഫോണ്‍ കോള്‍ ലഭിച്ച് ആംബുലന്‍സ് സംഘം സ്ഥലത്തെത്തുന്നതുവരെയുള്ള സമയ താമസം കഴിഞ്ഞ 11 വര്‍ഷത്തിനിടെ കാര്യമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read also: പ്രവാസികളുടെ നിയമലംഘനങ്ങള്‍ പിടികൂടാന്‍ ജോലി സ്ഥലങ്ങളില്‍ പരിശോധന
