സാമൂഹിക മാധ്യമങ്ങളിൽ വൈറലായ അധിക്ഷേപ വിഡിയോക്ക് പിന്നാലെ പ്രതികളെ പിടികൂടി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഒരു വ്യക്തി മറ്റൊരാളെ ആക്രമിക്കുന്ന തരത്തിലുള്ള അധിക്ഷേപ വിഡിയോ വൈറലായതിനു പിന്നാലെയായിരുന്നു നടപടി.
ദോഹ: ഖത്തറിലെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ വിഡിയോ പങ്കുവെച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ഒരു വ്യക്തി മറ്റൊരാളെ ആക്രമിക്കുന്ന തരത്തിലുള്ള അധിക്ഷേപ വിഡിയോ വൈറലായതിനു പിന്നാലെയായിരുന്നു ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ പ്രിവന്റീവ് സെക്യൂരിറ്റി ഡിപ്പാർട്മെന്റ് ഇവരെ പിടികൂടിയത്.
സാമൂഹിക മൂല്യങ്ങൾക്ക് വിരുദ്ധമായ മോശം ഭാഷയും പെരുമാറ്റവും ഉൾപ്പെടുന്ന ആക്രമണ സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ സുരക്ഷയും പൊതു ക്രമവും സംരക്ഷിക്കുന്നതിന്, നിയമവും സാമൂഹിക മൂല്യങ്ങളും ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഏതൊരാൾക്കുമെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മടിക്കില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.


