ഖത്തറിലെ സ്വകാര്യ സ്കൂളുകളിൽ സൗജന്യ സീറ്റുകൾ. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് ആശ്വാസമായി ഖത്തറിൽ പുതിയ പദ്ധതി. ഈ പദ്ധതിയിൽ ഖത്തറിലെ സ്വകാര്യ സ്കൂളുകളിൽ 3,500 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്.
ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും അർഹരായ വിദ്യാർത്ഥികൾക്ക് സൗജന്യമായും കുറഞ്ഞ നിരക്കിലും പ്രവേശനം നൽകുന്നതിനുള്ള അപേക്ഷകൾ ജനുവരി 20 മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വരുമാനം കുറഞ്ഞ കുടുംബങ്ങൾക്ക് ആശ്വാസമായി മന്ത്രാലയം നടപ്പിലാക്കുന്ന സാമൂഹിക ഉത്തരവാദിത്ത പദ്ധതിയാണിത്. പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പദ്ധതിയിലൂടെ വിവിധ സ്വകാര്യ സ്കൂളുകളിലായി ആകെ 3,500 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ മേഖലയിൽ തുല്യത ഉറപ്പാക്കാനും സാമൂഹിക വികസനം ലക്ഷ്യമിട്ടുമുള്ള ഖത്തർ നാഷണൽ വിഷൻ 2030ന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ബിരുദ പഠനം തുടങ്ങുന്നത് വരെ ഈ സാമ്പത്തിക ആനുകൂല്യം ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ഇന്ത്യൻ, ബ്രിട്ടീഷ്, അമേരിക്കൻ തുടങ്ങി വിവിധ കരിക്കുലങ്ങൾ പിന്തുടരുന്ന സ്കൂളുകൾ ഈ പദ്ധതിയുടെ ഭാഗമാണ്. കൂടാതെ, ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേക സൗജന്യ സീറ്റുകളും ചില സ്കൂളുകളിൽ സൗജന്യ ഈവനിങ് എജുക്കേഷൻ പ്രോഗ്രാമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കുടുംബത്തിന്റെ പ്രതിമാസ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകൾ പരിഗണിക്കുന്നത്. സൗജന്യ സീറ്റുകൾക്ക് അർഹരാകണമെങ്കിൽ കുടുംബത്തിന്റെ ആകെ മാസവരുമാനം 10,000 ഖത്തർ റിയാലിൽ കൂടാൻ പാടില്ല. നിരക്കിളവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കണമെങ്കിൽ കുടുംബത്തിന്റെ മാസവരുമാനം 15,000 റിയാലിൽ താഴെയാകണം. ഖത്തറി പൗരന്മാരായ വിദ്യാർത്ഥികൾക്ക് അനുവദിച്ച വൗച്ചർ സീറ്റുകൾക്ക് അപേക്ഷിക്കാൻ കുടുംബത്തിന്റെ മാസവരുമാനം 25,000 റിയാലിൽ കൂടരുത്.
ബെവർലി ഹിൽസ്, കാർഡിഫ്, കേംബ്രിഡ്ജ് സ്കൂളുകൾ, ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്കൂൾ, മോണാർക്ക് ഇന്ത്യൻ സ്കൂൾ തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പദ്ധതിയിൽ പങ്കാളികളാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി രക്ഷിതാക്കൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള വരുമാന പരിധിക്കുള്ളിലുള്ള എല്ലാ രാജ്യക്കാർക്കും ജനുവരി 20 മുതൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.


