കുട്ടികൾക്കുള്ള അടിയന്തര പരിചരണ സേവനങ്ങൾ അൽ റുവൈസ്, ഉമ്മു സലാൽ, മുഐതർ, അൽ മഷാഫ്, അൽ സദ്ദ്, ലാബീബ്, അൽ വാജ്ബ എന്നീ ഏഴ് കേന്ദ്രങ്ങളിലും ലഭ്യമാണ്.
ദോഹ: അൽ വജ്ബ ഹെൽത്ത് സെന്‍ററിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരു പുതിയ അടിയന്തിര കെയർ ക്ലിനിക്ക് ആരംഭിക്കുമെന്ന് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) അറിയിച്ചു. അടിയന്തര പരിചരണ സേവനങ്ങൾ വിപുലീകരിക്കാനുള്ള പിഎച്ച്സിസിയുടെ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. സെപ്‌റ്റംബർ 28-ന് പുതിയ കെയർ ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കും.
പുതിയ കേന്ദ്രം തുറക്കുന്നതോടെ ആകെ അടിയന്തര കെയർ സെന്ററുകളുടെ എണ്ണം 13 ആയി ഉയരും. അവയെല്ലാം 24 മണിക്കൂറും സേവനങ്ങൾ നൽകുമെന്നും പിഎച്ച്സിസി അറിയിച്ചു. മുതിർന്നവർക്കുള്ള അർജന്റ് കെയർ ക്ലിനിക്കുകൾ ഇപ്പോൾ അൽ റുവൈസ്, ഉമ്മു സലാൽ, മുഐതർ, അൽ മഷാഫ്, അൽ സദ്ദ്, ഗരാഫത്ത് അൽ റയ്യാൻ, അൽ ഷീഹാനിയ, അബൂബക്കർ അൽ സിദ്ദിഖ്, റൗദത്ത് അൽ ഖൈൽ, അൽ കഅബാൻ, അൽ കരാന, ലബീബ്, അൽ വജ്ബ എന്നിവിടങ്ങളിൽ ലഭ്യമാണ്.
കുട്ടികൾക്കുള്ള അടിയന്തര പരിചരണ സേവനങ്ങൾ അൽ റുവൈസ്, ഉമ്മു സലാൽ, മുഐതർ, അൽ മഷാഫ്, അൽ സദ്ദ്, ലാബീബ്, അൽ വാജ്ബ എന്നീ ഏഴ് കേന്ദ്രങ്ങളിലും ലഭ്യമാണ്. അടിയന്തരമല്ലാത്തതും ജീവന് ഭീഷണിയല്ലാത്തതും, എന്നാൽ വേഗത്തിൽ പരിചരണം ആവശ്യമായ ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള പരിശോധനകൾ, രോഗനിർണയം, ചികിത്സ എന്നിവ ഈ കേന്ദ്രങ്ങൾ നൽകുന്നു. ഏത് ആരോഗ്യ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്‌തവരാണെങ്കിലും, എല്ലാ അർജന്റ് കെയർ ക്ലിനിക്കുകളും സേവനങ്ങൾ നൽകുമെന്ന് പിഎച്ച്സിസി സ്ഥിരീകരിച്ചു.
അർജന്റ് കെയർ സേവനങ്ങൾ വിപുലീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും, സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്നും ഉയർന്ന നിലവാരമുള്ള പരിചരണം നിലനിർത്തുന്നുണ്ടെന്നും ഉറപ്പാക്കാൻ കോർപ്പറേഷൻ തുടർന്നും പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
