ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍, ഖത്തര്‍ ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഖത്തര്‍ പോസ്റ്റാണ് നിരക്ക് കുറച്ച വിവരം പ്രഖ്യാപിച്ചത്. 

ദോഹ: ഖത്തറില്‍ മരുന്നുകളുടെ ഹോം ഡെലിവറി ചാര്‍ഡ് 30 റിയാലില്‍ നിന്ന് 20 റിയാലായി കുറച്ചു. മരുന്നുകള്‍ക്ക് പുറമെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍ (Medical consumables), ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍ (Dietary products) തുടങ്ങിയവയുടെയും ഹോം ഡെലിവറി ചാര്‍ജ് കുറച്ചിട്ടുണ്ട്.

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍, ഖത്തര്‍ ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഖത്തര്‍ പോസ്റ്റാണ് നിരക്ക് കുറച്ച വിവരം പ്രഖ്യാപിച്ചത്. കൊവിഡ് മഹാമാരിക്കാലത്ത് 2020 ഏപ്രിലിലാണ് മരുന്നുകളും മറ്റ് അനുബന്ധ സാധനങ്ങളും പോസ്റ്റിലൂടെ രോഗികളുടെ വീടുകളില്‍ എത്തിക്കുന്ന സംവിധാനത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ രോഗികളില്‍ നിന്നുള്ള പ്രതികരണം കണക്കിലെടുത്ത് ഈ സേവനം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. 

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നിന്ന് നാല് ലക്ഷവും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനില്‍ നിന്ന് രണ്ട് ലക്ഷവും മരുന്നുകള്‍ രോഗികള്‍ക്ക് വീടുകളില്‍ എത്തിച്ചുവെന്ന് ഖത്തര്‍ പോസ്റ്റ് അറിയിച്ചു. ഇപ്പോള്‍ പ്രഖ്യാപിച്ച കുറഞ്ഞ നിരക്ക് ഈ വര്‍ഷം അവസാനം വരെ പ്രാബല്യത്തിലുണ്ടാകും. 

Read also:  ഇന്ത്യക്കാരെ ക്ഷണിച്ച് ഖത്തര്‍ എയര്‍വേയ്‌സ്; വിവിധ തസ്തികകളില്‍ റിക്രൂട്ട്‌മെന്റ്

ഹോം ഡെലിവറി നിരക്ക് കുറച്ചത് കൂടുതല്‍ രോഗികള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താന്‍ സഹായകമാവുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഫാര്‍മസി ഡിപ്പാര്‍ട്ട്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മൂസ അല്‍ ഹൈല്‍ പറഞ്ഞു. രോഗികള്‍ക്ക് അവരുടെ പ്രിസ്‍ക്രിപ്ഷന്‍ പ്രകാരം മരുന്നുകള്‍ സുരക്ഷിതമായും സൗകര്യപ്രദമായും ലഭ്യമാക്കുന്ന ഈ സംവിധാനം ഏറെ പ്രയോജനകരമാണെന്നും അതിന് ഖത്തര്‍ പോസ്റ്റിന്റെ സേവനം വളരെ വലുതായിരുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു.

മരുന്നുകളുടെയും മറ്റും ഹോം ഡെലിവറിക്കായി 16000 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണി വരെയായിരിക്കും ഈ സേവനം ലഭിക്കുക. വാട്സ്ആപ് വഴി മെസേജ് ചെയ്തും മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്യാം. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെയും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനിലെയും രോഗികള്‍ക്ക് സാധുതയുള്ള ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം. ഒപ്പം മരുന്നുകളുടെ വിലയും ഡെലിവറി ചാര്‍ജും നല്‍കാനായി കാര്‍ഡും കൈവശം വേണം. എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് മരുന്നുകള്‍ എത്തിക്കുന്നത്. ശീതീകരിച്ച് സൂക്ഷിക്കേണ്ട മരുന്നുകളും പ്രത്യേക ശ്രദ്ധവേണ്ട മരുന്നുകളുമെല്ലാം കൈകാര്യം ചെയ്യാന്‍ പരിശീലനം സിദ്ധിച്ച ജീവനക്കാരാണ് ഇവ കൈകാര്യം ചെയ്യുന്നതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read also: സൗദി അറേബ്യയില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്ന് കാറിനുമുകളില്‍ പതിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് കാറുടമ