ദോഹ മെട്രോയുടെ സ്പോർട് സിറ്റി സ്റ്റേഷനിലാണ് പരിപാടി നടക്കുന്നത്. ഓഗസ്റ്റ് 19 ന് ആരംഭിച്ച ‘ബാക്ക് ടു സ്കൂൾ’ പരിപാടി സെപ്റ്റംബർ രണ്ടുവരെ തുടരും.
ദോഹ: ‘ബാക്ക് ടു സ്കൂൾ’ പരിപാടിയുടെ രണ്ടാം പതിപ്പുമായി ഖത്തർ റെയിൽ. ഖത്തറിലെ സ്കൂൾ സപ്ലൈസ് റീട്ടെയിലർമാരുടെ പങ്കാളിത്തത്തോടെയാണ് ഖത്തർ റെയിൽ ‘ബാക്ക് ടു സ്കൂൾ’ പരിപാടി സംഘടിപ്പിക്കുന്നത്. ദോഹ മെട്രോയുടെ ഗോൾഡ് ലൈനിലെ സ്പോർട് സിറ്റി സ്റ്റേഷനിലാണ് പരിപാടി നടക്കുന്നത്. ഓഗസ്റ്റ് 19 ന് ആരംഭിച്ച ‘ബാക്ക് ടു സ്കൂൾ’ പരിപാടി സെപ്റ്റംബർ രണ്ടുവരെ തുടരും.
മെട്രോ സ്റ്റേഷനുകളെ സജീവമായ ഇടങ്ങളാക്കി നിലനിർത്താനും പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകാനും പൊതു-സ്വകാര്യ മേഖലയിലെ പങ്കാളികളുമായി സഹകരണം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ഖത്തർ റെയിൽ സംഘടിപ്പിക്കുന്ന ‘മെട്രോ ഇവന്റ്സ്’ പരമ്പരയുടെ ഭാഗം കൂടിയാണ് ഈ പരിപാടി. ‘ബാക്ക് ടു സ്കൂൾ’ പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഗെയിമിങ് സോൺ, പെയിന്റിങ്, കളറിങ്, കലാപരിപാടികൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുണ്ട്.
കൂടാതെ, ഉപഭോക്താക്കൾക്ക് വിലയേറിയ സമ്മാനങ്ങൾ നേടാൻ അവസരമൊരുക്കി വിവിധ മത്സരങ്ങളും നടത്തും. പൊതുജനങ്ങൾക്കും ഉപഭോക്താക്കൾക്കും പ്രത്യേക ഓഫറുകളും പരിപാടിയിൽ ലഭ്യമാകും. പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം നാലുമുതൽ രാത്രി എട്ടുവരെയും വാരാന്ത്യങ്ങളിൽ വൈകുന്നേരം നാലുമുതൽ രാത്രി ഒമ്പതു വരെയുമാണ് 'ബാക്ക് ടു സ്കൂൾ' പരിപാടി നടക്കുക. പരിപാടിയുടെ ഭാഗമായി ഖത്തർ റെയിൽ 365 ദിവസം ഉപയോഗിക്കാവുന്ന പുതിയ മെട്രോ പാസ് പ്രഖ്യാപിച്ചിരുന്നു. 990 റിയാൽ വിലയുള്ള ഈ വാർഷിക പാസിലൂടെ ഖത്തർ റെയിൽ ഉപഭോക്താക്കൾക്ക് ദോഹ മെട്രോയിലും ലുസൈൽ ട്രാമിലും പരിധിയില്ലാതെ യാത്ര ചെയ്യാം.
