ഗാസയ്ക്ക് ഖത്തറിന്റെ കൈത്താങ്ങ്; 10 ലക്ഷം ഡോളര്‍ അടിയന്തര സഹായം
ഗാസയിലെ ആശുപത്രികള്‍ക്കായി മരുന്ന്, ആംബുലന്‍സ്, ശസ്ത്രക്രിയ സജ്ജീകരണങ്ങള്‍, ഐസിയു വിഭാഗം എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായാണ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്ന് 10 ലക്ഷം ഡോളര്‍ അനുവദിച്ചത്.

ദോഹ: ഗാസക്ക് അടിയന്തര മാനുഷിക സഹായമായി 10 ലക്ഷം ഡോളര്‍ പ്രഖ്യാപിച്ച് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി. ആശുപത്രി, ചികിത്സാ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ തകര്‍ന്ന സാഹചര്യത്തിലാണ് സഹായം പ്രഖ്യാപിച്ചത്.
ഗാസയിലെ ആശുപത്രികള്‍ക്കായി മരുന്ന്, ആംബുലന്‍സ്, ശസ്ത്രക്രിയ സജ്ജീകരണങ്ങള്‍, ഐസിയു വിഭാഗം എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായാണ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്ന് 10 ലക്ഷം ഡോളര്‍ അനുവദിച്ചത്. ഖത്തര്‍ റെഡ് ക്രസന്റിന്റെ ഗാസ, അല്‍ ഖുദ്‌സ്, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലെ പ്രതിനിധി ഓഫീസുകള്‍ വഴി സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ച ശേഷം തത്സമയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഡിസാസ്റ്റര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു. ഗാസയിലെ ക്യുആര്‍സിഎസ് ഓഫീസ് വഴി ആദ്യ ഘട്ടമെന്ന നിലയില്‍ രണ്ട് ലക്ഷം ഡോളറിന്റെ അടിയന്തര സഹായപദ്ധതികള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. പലസ്തീനിലെ ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികള്‍ക്ക് മരുന്നുകളും മറ്റ് മെഡിക്കല്‍ സാമഗ്രികളും ലഭ്യമാക്കുകയാണ് ലക്ഷ്യം.
അതേസമയം പലസ്തീന്‍ ജനതയ്ക്ക് 50 മില്യൺ ദിർഹം സഹായം നൽകാൻ യുഎഇ.പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശം നൽകിയിട്ടുണ്ട് .മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യെറ്റിവ് വഴിയാണ് നൽകുക.ദുരിതത്തിലായ പലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ലക്ഷ്യമിട്ടാണ് യുഎഇ ദുരിതാശ്വാസ ക്യാംപയിൻ തുടങ്ങുന്നത്.
Read Also - അമേരിക്കന്‍ സൈനിക വിമാനം യുഎഇയില്‍; ഇസ്രയേലിന് പിന്തുണ നല്‍കാനെന്ന് ആരോപണം, മറുപടി നല്‍കി അധികൃതര്‍
കംപാഷൻ ഫോർ ഗാസ എന്ന പേരിലാണ് വിപുലമായ ദുരിതാശ്വാസ ക്യാംപയിൻ. യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമുമായി ചേർന്ന് യുഎഇ വിദേശകാര്യമന്ത്രാലയവും സാമൂഹ്യവികസന മന്ത്രാലയവുമാണ് ക്യാപയിൻ നടത്തുന്നത്. ക്യാംപയിന് ഞായറാഴ്ച്ച അബുദാബിയിൽ തുടക്കമാകും. സ്ത്രീകളെയും കുട്ടികളെയും സഹായിക്കുക, ദുരിതത്തിലായവർക്ക് സഹായമെത്തിക്കുക, മാനുഷിക ദുരന്തം തടയുക എന്നിവയാണ് ലക്ഷ്യങ്ങൾ. പൊതുജനങ്ങൾക്കും, സ്വകാര്യ മേഖലയ്ക്കും ഉൾപ്പടെ എല്ലാവർക്കും ക്യാംപയിനിൽ പങ്കെടുക്കാൻ അവസരമുണ്ട്.
പലസ്തീനിലെ ജനങ്ങൾക്ക് രണ്ട് കോടി ഡോളർ സഹായം എത്തിക്കാൻ നേരത്തെ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശം നൽകിയിരുന്നു. പലസ്തീനിൽ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐക്യരാഷ്ട്രസഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യൂ.എ വഴിയാണ് സഹായം എത്തിക്കുക. ദുരിതമനുഭവിക്കുന്ന സമൂഹങ്ങൾക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ അടിയന്തര ആശ്വാസം പകരുകയെന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് സഹായമെത്തിക്കുന്നതെന്ന് യു.എ.ഇ വാർത്ത ഏജൻസി വാം റിപ്പോർട്ട് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...