ഖത്തറിലെ സമുദ്രഗതാഗത മേഖലയിലെ നിയന്ത്രണങ്ങൾ ഗതാഗത മന്ത്രാലയം പൂർണ്ണമായും പിൻവലിച്ചു. ഇതോടെ വാണിജ്യ കപ്പലുകൾ, വിനോദസഞ്ചാര ബോട്ടുകൾ, മത്സ്യബന്ധന യാനങ്ങൾ എന്നിവയ്ക്ക് കർശന സുരക്ഷാ മാനദണ്ഡങ്ങളോടെ സർവീസ് പുനരാരംഭിക്കാൻ അനുമതിയായി.  

ദോഹ: ഖത്തറിലെ സമുദ്രഗതാഗത മേഖലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കി ഗതാഗത മന്ത്രാലയം. രാജ്യത്തെ എല്ലാത്തരം കപ്പലുകൾക്കും ബോട്ടുകൾക്കും ഞായറാഴ്ച മുതൽ തടസ്സങ്ങളില്ലാതെ സർവീസ് നടത്താൻ അനുമതി നൽകിയതോടെ ഖത്തർ തീരങ്ങളിൽ സമുദ്ര ഗതാഗതം പഴയപടിയായി. പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് മുൻകരുതൽ നടപടിയെന്നോണം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് ഇപ്പോൾ പിൻവലിച്ചത്. ഇതോടെ വാണിജ്യ കപ്പലുകൾക്കും വിനോദ സഞ്ചാര ബോട്ടുകൾക്കും മത്സ്യബന്ധന യാനങ്ങൾക്കും കടലിൽ സഞ്ചരിക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങി.

ഗതാഗത മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശപ്രകാരം, വിനോദസഞ്ചാര ബോട്ടുകൾ ഉൾപ്പെടെയുള്ള മിക്ക കപ്പലുകൾക്കും രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് പ്രവർത്തനാനുമതി. എന്നാൽ, ലൈസൻസുള്ള മീൻപിടുത്ത ബോട്ടുകൾക്ക് ഈ സമയപരിധി ബാധകമല്ല, അവർക്ക് ഏതു സമയത്തും കടലിൽ സർവീസ് നടത്താവുന്നതാണ്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. കപ്പലുകളുടെ സമുദ്രക്ഷമത ഉറപ്പാക്കാനും കൃത്യമായ ആശയവിനിമയ സംവിധാനങ്ങൾ സജ്ജമാക്കാനും എല്ലാ ഓപ്പറേറ്റർമാരും ബാധ്യസ്ഥരാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. എല്ലാ കപ്പലുകളിലും ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം, വി.എച്ച്.എഫ് റേഡിയോ എന്നിവ പ്രവർത്തനസജ്ജമായിരിക്കണം.

സമുദ്ര ഗതാഗതം പൂർണമായും പുനഃരാരംഭിക്കുന്നത് ഖത്തറിലെ വ്യാപാര-ലോജിസ്റ്റിക്സ് മേഖലയ്ക്ക് വലിയ കരുത്തേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചരക്ക് നീക്കം സുഗമമാകുന്നതോടെ വിപണിയിൽ കൂടുതൽ ഉണർവ് പ്രകടമാകും. അതേസമയം, സമുദ്ര സേവന നിരക്കുകളിൽ അന്യായമായ വർദ്ധനവ് വരുത്തുന്നതിനെതിരെ മന്ത്രാലയം കർശന നിർദ്ദേശം നൽകി. നിലവിലെ സാഹചര്യം മുതലെടുത്ത് നടത്തുന്ന വാണിജ്യ ചൂഷണങ്ങൾ തടയാൻ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്നും, സാധാരണ നിലയിലേക്കുള്ള മാറ്റത്തിൽ ഉപഭോക്തൃ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായിരിക്കും മുൻഗണനയെന്നും അധികൃതർ വ്യക്തമാക്കി.