സുരക്ഷാ ക്രമീകരണങ്ങൾ, സാധാരണക്കാർക്ക് ലഭ്യമാക്കുന്ന സുരക്ഷാ സൗകര്യങ്ങൾ, മോഷണം, ആക്രമണങ്ങൾ, ഒറ്റയ്ക്ക് നടക്കുമ്പോൾ ആളുകൾക്ക് എത്രത്തോളം സുരക്ഷിതത്വം തോന്നുന്നു തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചുള്ളതാണ് റാങ്കിംഗ്
KNOW
ദോഹ: ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ വീണ്ടും ആദ്യ സ്ഥാനങ്ങളിൽ ഇടം നേടി ഖത്തർ. നംബിയോ പുറത്തിറക്കിയ 2025 ന്റെ ആദ്യ പാദത്തിലെ സുരക്ഷാ സൂചിക റിപ്പോർട്ട് അനുസരിച്ച് ലോകത്തെ ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ രാജ്യമാണ് ഖത്തർ. ഏറ്റവും കുറഞ്ഞ കുറ്റകൃത്യനിരക്കും ഏറ്റവും കൂടിയ സുരക്ഷാ മാനദണ്ഡങ്ങളും ഉള്ളത് ഖത്തറിലാണ്. നംബിയോയുടെ റിപ്പോർട്ട് അനുസരിച്ച് 84.6 ആണ് ഖത്തറിന്റെ സ്‌കോർ. 148 രാജ്യങ്ങളെ ഉൾപ്പെടുത്തിയായിരുന്നു സുരക്ഷാ സർവേ.
ഒരു രാജ്യത്ത് ആളുകൾക്ക് എത്രത്തോളം സുരക്ഷിതത്വം തോന്നുന്നുവെന്നും കുറ്റകൃത്യങ്ങളുടെ തോത് എത്രത്തോളമെന്നും നംബിയോയുടെ സുരക്ഷാ സൂചിക പരിശോധിക്കുന്നു. സുരക്ഷാ ക്രമീകരണങ്ങൾ, സാധാരണക്കാർക്ക് ലഭ്യമാക്കുന്ന സുരക്ഷാ സൗകര്യങ്ങൾ, മോഷണം, ആക്രമണങ്ങൾ, ഒറ്റയ്ക്ക് നടക്കുമ്പോൾ ആളുകൾക്ക് എത്രത്തോളം സുരക്ഷിതത്വം തോന്നുന്നു തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ പരിഗണിക്കുന്നു. നംബിയോയുടെ റിപ്പോർട്ട് അനുസരിച്ച് ഖത്തറിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവാണ്.
വീട്ടിൽ അതിക്രമിച്ചു കയറൽ, കാർ മോഷണം, മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് ആളുകൾ വലിയ ആശങ്കാകുലരല്ല. ജനങ്ങൾക്ക് രാത്രിയും പകലും ഒരുപോലെ നിർഭയമായി സഞ്ചരിക്കാൻ കഴിയുന്നു എന്നതാണ് ഖത്തറിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാ താമസക്കാർക്കും സുരക്ഷിതമായ അന്തരീക്ഷം രാജ്യത്തുണ്ട്. കുട്ടികൾക്ക് പാർക്കുകളിലും കളിസ്ഥലങ്ങളിലും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു. രാജ്യത്ത് പൗരന്മാർക്കും താമസക്കാർക്കും ദേശ-ലിംഗ വ്യത്യാസമില്ലാതെ സുരക്ഷിതമായി സഞ്ചരിക്കാനും ജോലിയെടുക്കാനും ഉല്ലസിക്കാനും സാധിക്കുന്നു എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യു എ ഇ, ഒമാൻ, സൗദി അറേബ്യ, ബഹ്‌റൈൻ തുടങ്ങിയ മറ്റ് ഗൾഫ് രാജ്യങ്ങളും സുരക്ഷാ റാങ്കിംഗിൽ ആദ്യ 15 സ്ഥാനങ്ങളിൽ ഇടം നേടി. കഴിഞ്ഞ വർഷം, ഖത്തർ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായിരുന്നു.
നംബിയോയുടെ ജീവിത നിലവാര സൂചികയിലും ഖത്തർ മികച്ച നേട്ടം കൈവരിച്ചു. ലോകത്തെ 89 രാജ്യങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ള ആഗോള റാങ്കിങ്ങിൽ ഖത്തർ 16 -ാം സ്ഥാനത്താണ്. 189.4 പോയിന്റ് നേടിയ ഖത്തർ, മേഖലയിലെ മിക്ക രാജ്യങ്ങളെക്കാൾ മുന്നിലെത്തി. ജീവിത നിലവാരം, വിഭവ ശേഷി, മലിനീകരണം, പാർപ്പിട വില, ജീവിതച്ചെലവ്, സുരക്ഷ, ആരോഗ്യ സംരക്ഷണം, യാത്രാ സമയം, കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്താണ് റാങ്കിങ് നിശ്ചയിച്ചത്. നംബിയോ വെബ്‌സൈറ്റ് സന്ദർശിക്കുന്നവരിൽ നിന്ന് ശേഖരിച്ച ഡാറ്റയും സർവേകളും അടിസ്ഥാനമാക്കിയാണ് സ്കോറുകൾ നൽകിയിരിക്കുന്നത്.
