അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ഇസ്രായേലിനെതിരെ ഖത്തർ ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ ഖത്തറിനെതിരെ ആരോപണം ഉന്നയിച്ചത്. 

ദോഹ: ഗാസ വിഷയത്തിൽ ഖത്തർ ഇരട്ട ഗെയിം കളിക്കുകയാണെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോപണങ്ങൾക്കെതിരെ ഖത്തർ. വ്യാജ വാദങ്ങളുയർത്തി നരഹത്യയെ ന്യായീകരിക്കുകയാണ് ഇസ്രായേലെന്നും ഇത്തരം ആരോപണങ്ങൾ ഉയർത്തുന്ന സമ്മർദങ്ങൾ മൂലം നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ-അൻസാരി വ്യക്തമാക്കി. 

അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ഇസ്രായേലിനെതിരെ ഖത്തർ ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ഖത്തറിനെതിരായ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ആരോപണം. സിവിലൈസേഷനും ബാർബറിസവും തമ്മിലുള്ള യുദ്ധമാണ് ഇപ്പോൾ നടക്കുന്നതെന്നും നെതന്യാഹു സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. നെതന്യാഹുവിന്റെ ആക്ഷേപങ്ങൾക്കെതിരെ ശക്തമായ ഭാഷയിലാണ് മാജിദ് അൽ അൻസാരി സോഷ്യൽ മീഡിയയിലൂടെ തന്നെ മറുപടി നൽകിയത്. വ്യാജ കഥകളുണ്ടാക്കി നിരപരാധികളെ വേട്ടയാടുന്നത് ന്യായീകരിക്കുകയാണ് ഇസ്രായേൽ. 

Read Also - ഖത്തർ അമീറും യുഎഇ ​പ്ര​സി​ഡ​ന്‍റും അ​ബു​ദാബി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി, സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തും

138 ലേറെ ബന്ദികളുടെ മോചനം സാധ്യമാക്കിയത് മധ്യസ്ഥ ശ്രമങ്ങളാണോ അതോ ഇസ്രായേലിന്റെ സൈനിക നടപടികളിലൂടെയാണോ എന്ന് വ്യക്തമാക്കണം. ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തമാണ് ഗാസയിൽ നടക്കുന്നത്. ഉപരോധവും മനുഷ്യരെ പട്ടിണിക്കിട്ട് കൊല്ലുന്നതും, മരുന്നും പാർപ്പിടവും മാനുഷിക സഹായവും നിഷേധിക്കുന്നതും അവ രാഷ്ട്രീയ ആയുധമാക്കുന്നതുമാണോ സിവിലൈസേഷനെന്നും മാജിദ് അൽ അൻസാരി ചോദിച്ചു. ഗസ്സയിൽ യുദ്ധം ആരംഭിച്ചതു മുതൽ യുദ്ധം അവസാനിപ്പിക്കുക, സാധാരണക്കാരെ സംരക്ഷിക്കുക, ബന്ദികളുടെ മോചനം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള മധ്യസ്ഥ ശ്രമങ്ങളുടെ വിജയത്തിനാണ് ഖത്തർ നിരന്തരം ശ്രമിച്ചിട്ടുള്ളതെന്ന് ഖത്തർ വാർത്താ ഏജൻസിക്ക് (ക്യുഎൻഎ) നൽകിയ പ്രസ്താവനയിൽ ഡോ. അൽ-അൻസാരി വിശദീകരിച്ചു. 1967 ലെ അതിർത്തി പ്രകാരം സ്വതന്ത്ര്യ ഫലസ്തീൻ നിലവിൽ വരണമെന്നും മാജിദ് അൽ അൻസാരി ആവർത്തിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം