മിസൈൽ ആക്രമണം പ്രതിരോധിച്ചതിന്റെ ഭാഗമായുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനും ആക്രമണം ബാധിച്ച പൗരന്മാർക്കും താമസക്കാർക്കും നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ ഊർജിതമാക്കാനുമാണ് യോഗം ചേർന്നത്.

ദോഹ: ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ അവശിഷ്ടങ്ങൾ പതിച്ച് നാശനഷ്ടങ്ങളുണ്ടായവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ച്‌ ഖത്തർ ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റെ അസാധാരണ യോഗത്തിലാണ് തീരുമാനമുണ്ടായത്. മിസൈൽ ആക്രമണം പ്രതിരോധിച്ചതിന്റെ ഭാഗമായുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനും ആക്രമണം ബാധിച്ച പൗരന്മാർക്കും താമസക്കാർക്കും നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ ഊർജിതമാക്കാനുമാണ് യോഗം ചേർന്നത്.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശപ്രകാരമാണ് ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. കഴിഞ്ഞ മാസം 23നാണ് ഖത്തറിലെ അമേരിക്കൻ വ്യോമ താവളമായ അൽ ഉദൈദിന് നേരെ ഇറാന്റെ ആക്രമണമുണ്ടായത്. എയർ ഡിഫൻസ് സംവിധാനം ഉപയോഗിച്ച് ഭൂരിഭാഗം മിസൈലുകളും ഖത്തർ നിർവീര്യമാക്കിയിരുന്നു. നേരത്തെ സ്വീകരിച്ച താത്കാലിക നടപടികൾ യോഗം വിലയിരുത്തി. അമീർ നൽകിയ നിർദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേസമയം, ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾ ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളിൽ സമർപ്പിച്ച ഔദ്യോഗിക റിപ്പോർട്ടുകൾ വഴി മുമ്പ് രേഖപ്പെടുത്തിയിരിക്കണം എന്ന് അറിയിപ്പിൽ പറയുന്നു. അംഗീകൃത നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി നഷ്ടപരിഹാര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സിവിൽ ഡിഫൻസ് കൗൺസിൽ ആക്രമണം ബാധിച്ച വ്യക്തികളെ ബന്ധപ്പെടും. ഇതുവരെ കേസുകൾ രേഖപ്പെടുത്താത്ത വ്യക്തികൾക്ക് ഈ പ്രഖ്യാപനം വന്ന തീയതി മുതൽ രണ്ട് ദിവസത്തിനുള്ളിൽ മെട്രാഷ് അപേക്ഷ വഴി നഷ്ടപരിഹാര അഭ്യർത്ഥന സമർപ്പിക്കാവുന്നതാണ്. മെട്രാഷ് ആപ്പിൽ പ്രവേശിച്ച് 'കമ്മ്യൂണിക്കേറ്റ് വിത്ത്‌ അസ്' വിൻഡോയ്ക്ക് കീഴിലുള്ള 'റിക്വസ്റ്റ്' ഐക്കൺ ആക്‌സസ് ചെയ്‌ത്, നിയുക്ത സേവനം തിരഞ്ഞെടുത്ത്, ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുകയും വിവരണവും വിലാസവും നൽകി ഏതെങ്കിലും ചിത്രങ്ങളോ അനുബന്ധ രേഖകളോ ലഭ്യമെങ്കിൽ അപ്‌ലോഡ് ചെയ്യുക. തുടർന്ന് അപേക്ഷ സമർപ്പിച്ചതായി സ്ഥിരീകരിക്കുക. സമയപരിധി അവസാനിച്ചതിന് ശേഷം ഒരു ക്ലെയിമും സ്വീകരിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.