ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലെഖ്‌വിയ) കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് അൽ താനിയും ഡിഎച്ച്എസ് സെക്രട്ടറി ക്രിസ്റ്റി നോ​യെ​മും തമ്മിൽ വാഷിംഗ്ടൺ ഡിസിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് കരാറിൽ ഒപ്പുവെച്ചത്.

ദോ​ഹ: 2026ൽ അ​മേ​രി​ക്ക, മെ​ക്സി​ക്കോ, കാ​ന​ഡ എന്നീ രാ​ജ്യ​ങ്ങളിലായി​ ന​ട​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ഖ​ത്ത​റും. ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഖത്തർ ആഭ്യന്തര മന്ത്രാലയവും (എംഒഐ) അ​മേ​രി​ക്ക​ന്‍ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ വി​ഭാ​ഗ​മായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയും (ഡിഎച്ച്എസ്) സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലെഖ്‌വിയ) കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് അൽ താനിയും ഡിഎച്ച്എസ് സെക്രട്ടറി ക്രിസ്റ്റി നോ​യെ​മും തമ്മിൽ വാഷിംഗ്ടൺ ഡിസിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് കരാറിൽ ഒപ്പുവെച്ചത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തു​സം​ബ​ന്ധി​ച്ച് ഇ​രു രാ​ജ്യ​ങ്ങ​ളും പ്രാ​ഥ​മി​ക ക​രാ​റു​ക​ളി​ല്‍ ഒ​പ്പു​വെ​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ജൂ​ണി​ൽ, സു​ര​ക്ഷ മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഖ​ത്ത​റി​ന്റെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ വി​ഭാ​ഗ​മാ​യ ല​ഖ്‍വി​യ​യും യു.​എ​സി​ന്റെ സു​ര​ക്ഷ ഏ​ജ​ൻ​സി​യാ​യ എ​ഫ്.​ബി.​ഐ​യും ത​മ്മി​ലു​ള്ള ക​ര​ട് ധാ​ര​ണ​പ​ത്ര​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. 2022 ലെ ​ലോ​ക​ക​പ്പിന് വേ​ദി​യൊ​രു​ക്കി​യ ഖ​ത്ത​റിന്റെ കു​റ്റ​മ​റ്റ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വിശ്വ​മേ​ള​യു​ടെ വി​ജ​യ​ത്തി​ന്റെ ഭാഗമായിരുന്നു. അ​മേ​രി​ക്ക, ബ്രി​ട്ട​ണ്‍, ഫ്രാ​ന്‍സ്, തു​ര്‍ക്കി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ന്റെ സു​ര​ക്ഷ​യി​ലും പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു. സു​ര​ക്ഷ സ​ന്നാ​ഹ​വും സം​ഘാ​ട​ന​ട​വും​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​നു പി​ന്നാ​ലെ വി​വി​ധ അ​ന്താ​രാ​ഷ്ട്ര മേ​ള​ക​ളി​ലും ഖ​ത്ത​റി​ന്റെ സു​ര​ക്ഷ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നു. 2024 പാ​രി​സ് ഒ​ളി​മ്പി​ക്സി​ലും പാ​രാ​ലി​മ്പി​ക്സി​ലും ഖ​ത്ത​റി​ന്റെ സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ച്ചിരുന്നു.