ദോഹ: സംഘര്‍ഷ മേഖലകളിലെ സിവിലിയന്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പൂര്‍ണ പിന്തുണ നല്‍കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി. സംഘര്‍ഷ മേഖലകളിലുള്ള സിവിലിയന്‍മാരെ സംരക്ഷിക്കുന്നതിനുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളെയും ഖത്തര്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഐക്യരാഷ്ട്ര സഭയുടെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് ഓഫ് ദി റെസ്‌പോണ്‍സിബിലിറ്റി റ്റു പ്രൊട്ടക്റ്റ്' ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തര്‍, ഡെന്മാര്‍ക്ക്, കോസ്റ്ററിക്ക എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന ജോയിന്റ് പ്രസിഡന്‍സ് ഗ്രൂപ്പാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം സംഘടിപ്പിച്ചത്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉള്‍പ്പെടെയുള്ള ഉന്നത പദവികളിലുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.