മധ്യസ്ഥതാ നിർദ്ദേശത്തോട് സഹകരിക്കാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിന് അന്താരാഷ്ട്ര സമൂഹത്തോട് ഇടപെടാൻ ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവുമായ ഡോ.മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി.
ദോഹ: ഗാസയിൽ വെടിനിർത്തൽ ധാരണക്ക് ഹമാസ് അംഗീകാരം നൽകി പത്ത് ദിവസത്തിലധികം പിന്നിട്ടിട്ടും ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ലോകരാജ്യങ്ങൾ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഖത്തർ. മധ്യസ്ഥതാ നിർദ്ദേശത്തോട് സഹകരിക്കാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിന് അന്താരാഷ്ട്ര സമൂഹത്തോട് ഇടപെടാൻ ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവുമായ ഡോ.മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി വാർത്താസമ്മേളനത്തിനിടെ അഭ്യർത്ഥിച്ചു.
പന്ത് ഇപ്പോൾ ഇസ്രായേലിന്റെ കോർട്ടിലാണെന്നും അവർക്ക് ഒരു കരാറിലെത്താൽ താല്പര്യമില്ലെന്നും ഒരു ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണന്നും അൽ അൻസാരി വ്യക്തമാക്കി. ഗാസയിൽ മാധ്യമപ്രവർത്തകരെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തെ ഖത്തർ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. നൂറിലധികം മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടത് വസ്തുതകൾ മറയ്ക്കാനുള്ള ശ്രമമാണെന്ന് അൽ അൻസാരി ചൂണ്ടിക്കാട്ടി. മേഖലയിൽ മാധ്യമപ്രവർത്തകരെയും ആംബുലൻസ് ജീവനക്കാരെയും സന്നദ്ധ പ്രവർത്തകരെയും സിവിലിയന്മാരെയും ലക്ഷ്യം വെയ്ക്കുന്നത് നിർത്താൻ ഇസ്രായേലിനുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ അന്താരാഷ്ട്ര സമൂഹത്തോട് ഖത്തർ ആവശ്യപ്പെടുന്നതായി അദ്ദേഹം ആവർത്തിച്ചു.
ചർച്ചാ വേദിയുമായി ബന്ധപ്പെട്ട് ഇസ്രായേലിന്റെ എതിർപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഖത്തറും ഈജിപ്തും പ്രധാന ലക്ഷ്യമായ വെടിനിർത്തലിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ചർച്ചകളുടെ സ്ഥലം എവിടെയാണെന്നതിനല്ലെന്നും സ്ഥലം മാറ്റുന്നതിനെക്കുറിച്ചുള്ള പ്രസ്താവനകൾ പ്രചരിപ്പിക്കുന്നത് ഇസ്രായേലിന്റെ രാഷ്ട്രീയ കുതന്ത്രങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗസ്സയിൽ യുദ്ധം തുടങ്ങിയ ആദ്യ ദിനം മുതൽ തന്നെ ആക്രമണം അവസാനിപ്പിക്കുന്നതിനായി ഖത്തറും ഈജിപ്തും മധ്യസ്ഥ ചർച്ചകളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ചർച്ച മുന്നോട്ട് കൊണ്ടുപോകുന്നതിന് അമേരിക്കയുമായും മറ്റ് കക്ഷികളുമായും ഖത്തറും ഈജിപ്തും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും അൽ അൻസാരി വ്യക്തമാക്കി.
