നാല് വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുകളില്‍ റെയ്ഡ്; 289 പ്രവാസികള്‍ അറസ്റ്റിൽ
ഇവരിൽ 105 പേരെ വഫ്ര മേഖലയിൽ നിന്നാണ് പിടികൂടിയത്. നാല് വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുകള്‍ക്കെതിരെ നടപടിയും സ്വീകരിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ നാല് വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുകളില്‍ റെയ്ഡ്. റെസിഡൻസി ചട്ടങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിനുള്ള സുരക്ഷാ ക്യാമ്പയിനുകള്‍ ശക്തമാക്കിയിരിക്കുകയാണ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ.
ഇതിന്‍റെ ഭാഗമായി ഫഹാഹീൽ, ജഹ്‌റ, മുബാറക് അൽ കബീർ, സൽവ, ഫർവാനിയ, വഫ്‌റ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിലാണ് അടുത്തിടെ തീവ്രമായ പരിശോധന ക്യാമ്പയിനുകള്‍ നടന്നത്. പരിശോധനകളില്‍ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 289 നിയമലംഘകരാണ് അറസ്റ്റിലായത്.
ഇവരിൽ 105 പേരെ വഫ്ര മേഖലയിൽ നിന്നാണ് പിടികൂടിയത്. നാല് വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുകള്‍ക്കെതിരെ നടപടിയും സ്വീകരിച്ചു. 20 നിയമലംഘകരെയാണ് ദിവസേന തൊഴിലാളികളായി ഓഫീസുകൾ നിയമിച്ചിരുന്നത്. കൂടാതെ അഞ്ച് നിയമലംഘകർ ഹോട്ടലുകളിലും ഹോട്ടൽ അപ്പാർട്ട്‌മെന്റുകളിലും ജോലി ചെയ്യുന്നതായും കണ്ടെത്തി. തുടർനടപടികൾക്കായി അറസ്റ്റിലായവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.
Read Also - നവജാത ശിശുവിന്‍റെ മൃതദേഹം മാൻഹോളില്‍ കണ്ടെത്തി; ആസൂത്രിത കൊലപാതകത്തിന് കേസ്, കുവൈത്തില്‍ അന്വേഷണം
അതേസമയം കഴിഞ്ഞ ദിവസം മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന വനിതാ ഗാര്‍ഹിക തൊഴിലാളികളെ സ്‌പോൺസർമാരുടെ വീടുകളിൽ നിന്ന് കടത്തിക്കൊണ്ടുപോയി ദിവസക്കൂലിക്ക് നിയമിച്ച സിറിയൻ പ്രവാസിയെ അറസ്റ്റ് ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയത്തലെ മൈഗ്രന്‍റ് വർക്കേഴ്‌സ് ഷെൽട്ടർ വിഭാഗം നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്.
തൊഴിലാളികൾ തങ്ങളുടെ സ്പോൺസർമാരുടെ വീടുകളിൽ നിന്ന് ഒളിച്ചോടുന്ന സംഭവങ്ങളെക്കുറിച്ച് ബന്ധപ്പെട്ട കുവൈത്തികളിൽ നിന്നുള്ള നിരവധി റിപ്പോർട്ടുകൾ റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ടീമിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘത്തെ നിയോഗിച്ച് പരിശോധന നടത്തുകയായിരുന്നു.
ജാബർ അൽ അഹമ്മദ് ഏരിയയിലെ സ്‌പോൺസറുടെ വീട്ടിൽ നിന്ന് ഒരു ഗാർഹിക തൊഴിലാളിയെ വിദഗ്ധമായി കടത്തിക്കൊണ്ടു പോയ സംഭവത്തിൽ സിറിയൻ പൗരനായ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ പിടികൂടി ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് കൈമാറി. ജലീബ് അൽ ഷുവൈക്ക് പ്രദേശത്തെ ഒരു അപ്പാർട്ട്‌മെന്റിൽ ഒളിച്ചിരിക്കുന്ന നാല് വനിതാ തൊഴിലാളികളെയും അന്വേഷണത്തില്‍ കണ്ടെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...