ഇടിമിന്നലോടു കൂടിയ മഴ ശനിയാഴ്ച രാവിലെ വരെ ഉണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. 

കുവൈത്ത് സിറ്റി: ചൊവ്വാഴ്ച ഉച്ച മുതൽ ശനിയാഴ്ച രാവിലെ വരെ കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ഇടയ്ക്കിടെ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ തെക്കുകിഴക്കൻ കാറ്റ് മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ഉണ്ടാകുമെന്നും അറിയിപ്പുണ്ട്.

ഈ കാറ്റ് പൊടിപടലത്തിനും ദൃശ്യപരത കുറക്കുന്നതിനും കാരണമാകും. കടൽ തിരമാലകൾ 6 അടിക്ക് മുകളിൽ ഉയരാനും സാധ്യതയുണ്ട്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുതൽ കാലാവസ്ഥാ സ്ഥിതി ക്രമേണ മെച്ചപ്പെടുമെന്നാണ് പ്രവചനം.

Read Also -  റമദാനിൽ പകൽ സമയത്ത് പൊതുസ്ഥലങ്ങളിൽ ഭക്ഷണം കഴിച്ചാൽ 100 കുവൈത്ത് ദിനാർ വരെ പിഴ

അതേസമയം ഒമാന്‍റെ വിവിധ ഗവര്‍ണറേറ്റുകളില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ വടക്ക്-കിഴക്കന്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഒമാന്‍റെ മിക്ക ഗവര്‍ണറേറ്റുകളിലും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാര്‍ച്ച് നാല് മുതല്‍ ഏഴു വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അറബിക്കടല്‍ പ്രക്ഷുബ്ധമാകും. അറബി കടലില്‍ തിരമാലകള്‍ മൂന്ന് മീറ്റര്‍ വരെ ഉയരാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ശക്തമായ കാറ്റിനെ തുടര്‍ന്ന് മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിപടലങ്ങള്‍ ഉയരും. ഇത് ദൃശ്യപര്യത കുറയ്ക്കുമെന്നും യാത്ര ചെയ്യുന്നതിനെയും മറ്റും ബാധിക്കുമെന്നും അധികൃതര്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം