സൗദി അറേബ്യയിൽ കനത്ത മഴയ്ക്ക് സാധ്യത. കനത്ത മഴ, ഇടിമിന്നൽ, വെള്ളപ്പൊക്ക സാധ്യത എന്നിവ കണക്കിലെടുത്ത് അധികൃതർ താമസക്കാർക്ക് മുൻകരുതലുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയിൽ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെയാണ് രാജ്യത്തുടനീളം ഈ കാലാവസ്ഥാ വ്യതിയാനം പ്രതീക്ഷിക്കുന്നത്. കനത്ത മഴ, ഇടിമിന്നൽ, വെള്ളപ്പൊക്ക സാധ്യത എന്നിവ കണക്കിലെടുത്ത് അധികൃതർ താമസക്കാർക്ക് മുൻകരുതലുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മുതൽ ഞായറാഴ്ച വരെ കാലാവസ്ഥ കൂടുതൽ അസ്ഥിരമായിരിക്കും. മക്ക, ജിദ്ദ, മദീന, തബൂക്ക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ് മേഖല, ഹായിൽ, അൽ ഖാസിം, റിയാദ്, കിഴക്കൻ പ്രവിശ്യ, അൽ ബഹ, അസിർ, ജിസാൻ എന്നിങ്ങനെ 13 പ്രദേശങ്ങളിൽ കാലാവസ്ഥ വ്യതിയാനം ഉണ്ടാകാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാനും വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്വരകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കാനും കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. കനത്ത മഴയുള്ളപ്പോഴും കാഴ്ചാ പരിധി കുറയുമ്പോഴും വാഹനം ഓടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം.

തീരദേശ, മലയോര മേഖലകളിലുള്ളവർ സിവിൽ ഡിഫൻസ് അധികൃതർ നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ കാലാവസ്ഥയുടെ തീവ്രത ഓരോ പ്രദേശത്തും വ്യത്യാസപ്പെടാമെന്നും, ചിലയിടങ്ങളിൽ കനത്ത മഴ വെള്ളക്കെട്ടിനും താത്കാലിക തടസ്സങ്ങൾക്കും കാരണമായേക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. എല്ലാ ബന്ധപ്പെട്ട വകുപ്പുകളും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സജ്ജരാണെന്ന് അധികൃതർ അറിയിച്ചു.