അബുദാബി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച മുതല്‍ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ എമിറേറ്റുകളിലും തീരപ്രദേശങ്ങളിലുമുള്ളവര്‍ നവംബര്‍ 12 ചൊവ്വാഴ്ച വരെ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

ശനിയാഴ്ച മുതല്‍ വിവിധയിടങ്ങളില്‍ മഴയും ഇടിമിന്നലും തുടങ്ങുമെന്നും ഞായറാഴ്ചയോടെ മഴ ശക്തമാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് അറിയിച്ചത്. വടക്കന്‍ എമിറേറ്റുകളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തി കുറയും.

അതേസമയം യുഎഇയിലും ഒമാനിലും കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതായും അറിയിപ്പുണ്ട്. കടലില്‍ ഏഴ് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ സൂക്ഷിക്കണം. മൂടല്‍മഞ്ഞിനും സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.