അബുദാബി: കടുത്ത ചൂടിന് ആശ്വാസവുമായി യുഎഇയുടെ വിവിധയിടങ്ങളില്‍ വെള്ളിയാഴ്ച മഴ ലഭിച്ചു. ഷാര്‍ജയിലെ അല്‍ മദാം, നസ്‍വ, ദുബായിലെ മര്‍ഗം, ലെഹ്‍ബാബ് തുടങ്ങിയ പ്രദേശങ്ങളില്‍ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചു. മഴയും പൊടിക്കാറ്റും കാരണം ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ പ്രദേശങ്ങളില്‍ ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയായിരിക്കുമെന്നാണ് അറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുമെന്ന് നേരത്തെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.