അൽ ഹജ്ർ മലനിരകളിലും സമീപ പ്രദേശങ്ങളിലുമാണ് ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചത്

മസ്കറ്റ്: ഒമാനിലെ ചുട്ടുപൊള്ളുന്ന ചൂടിനുമേൽ ആശ്വാസമേകി മഴ. സുൽത്താനേറ്റിന്റെ വിവിധ ഭാ​ഗങ്ങളിൽ കഴിഞ്ഞ ദിവസം മഴ ലഭിച്ചു. അൽ ഹജ്ർ മലനിരകളിലും സമീപ പ്രദേശങ്ങളിലുമാണ് ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചത്. റുസ്താഖ്, സമാഈൽ, സുഹാർ, ജബൽ ശംസ്, ഇബ്രി, ഖാബുറ എന്നിവിടങ്ങളിൽ ശക്തിയേറിയ കാറ്റിനോടൊപ്പം കനത്ത മഴയാണ് ലഭിച്ചത്. വൈകിട്ടോടെയാണ് മഴ കനത്ത് പെയ്തത്. എന്നാൽ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ താപനില ഉയർന്ന് തന്നെയാണ് അനുഭവപ്പെട്ടത്. 

കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ വാദികളും മറ്റും നിറഞ്ഞൊഴുകിയിരുന്നു. സഹ്താൻ, സാനി, യാഖ തുടങ്ങിയ താഴ്വരകളിലും മലയിടുക്കുകളിലും വെള്ളമൊഴുക്ക് ഉണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേസമയം ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥ വിഭാ​ഗം മഴ മുന്നറിയിപ്പ് നൽകിയിരുന്നു. മഴയ്ക്കൊപ്പം കുറഞ്ഞ ദൃശ്യപരത, ആലിപ്പഴ വീഴ്ച, കാറ്റ് എന്നിവയും ഉണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം