സൊമാലിയൻ സയാമീസ് ഇരട്ടകളായ റഹ്മയേയും റംലയേയും വേര്‍പെടൽ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചു.
റിയാദ്: സൽമാൻ രാജാവിന്‍റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശത്തെ തുടർന്ന് വേർപെടുത്തൽ ശസ്ത്രക്രിയക്കായി സൊമാലിയൻ സയാമീസ് ഇരട്ടകളായ റഹ്മയേയും റംലയേയും റിയാദിലെത്തിച്ചു.
മാതാപിതാക്കളോടൊപ്പം റിയാദ് വിമാനത്താവളത്തിലെത്തിച്ച സയാമീസ് ഇരട്ടകളെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനും വേർപിരിയൽ ശസ്ത്രക്രിയ നടത്താനുള്ള സാധ്യത പരിഗണിക്കുന്നതിനുമായി നാഷനൽ ഗാർഡ് മന്ത്രാലയത്തിെൻറ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി. റിയാദിൽ ലഭിച്ച സ്വീകരണത്തിനും തങ്ങളുടെ കുട്ടിയെ പരിപാലിക്കുന്നതിൽ നടത്തിയ മികച്ച മെഡിക്കൽ ശ്രമങ്ങൾക്കും സൊമാലി ഇരട്ടകളുടെ മാതാപിതാക്കൾ സൽമാൻ രാജാവിനും കിരീടാവകാശിക്കും സയാമീസ് വേർപ്പെടുത്തൽ പദ്ധതിയുടെ ചുമതലയുള്ളവർക്കും ആത്മാർഥമായ നന്ദി അറിയിച്ചു.
അന്താരാഷ്ട്ര തലത്തിൽ മുൻനിര മാതൃകയായി മാറിയ സൗദി സയാമീസ് വേർപ്പെടുത്തൽ പ്രോഗ്രാമിന് ഭരണകൂടം നൽകിവരുന്ന പരിധിയില്ലാത്ത ശ്രദ്ധയെയും പിന്തുണയെയും സയാമീസ് ശസ്ത്രക്രിയാ സംഘം മേധാവി ഡോ. അബ്ദുല്ല അൽറബീഅ പ്രശംസിച്ചു. സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അദ്ദേഹം നന്ദി പറഞ്ഞു. ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുന്നതിലും ദരിദ്രരെ പരിചരിക്കുന്നതിലും സൗദി അറേബ്യയുടെ സ്ഥാപിത മൂല്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മഹത്തായ സംരംഭമെന്നും അൽ റബീഅ പറഞ്ഞു.


