മസ്ക്കറ്റ്: ഒമാനിലെ ദോഫാർ മേഖലയിൽ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഗവര്‍ണറേറ്റിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നിരവധിപേർ വെള്ളപ്പാച്ചിലിൽ കുടുങ്ങിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതൽ ദോഫാർ മേഖലയിൽ ആരംഭിച്ച മഴയും കാറ്റും ഗവര്‍ണറേറ്റിന്റെ പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദോഫാർ ഗവര്‍ണറേറ്റിന്റെ പടിഞ്ഞാറൻ മേഖലയിലും അൽ വുസ്റ്റ ഗവര്‍ണറേറ്റിറ്റിന്റെ തെക്കൻ മേഖലയിലും ശക്തമായ കാറ്റും ഇടിയോടു കൂടിയ മഴ പെയ്യുമെന്നും ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷന്റെ അറിയിപ്പിൽ പറയുന്നു. കാറ്റിന്റെ പ്രഭവ സ്ഥാനത്തിന് മണിക്കൂറിൽ 30 മുതൽ 45 കിലോമീറ്റർ വേഗത ഉണ്ടായിരിക്കും.

ദോഫാർ, അൽ വുസ്ത ശർഖിയ എന്നി മേഖലകളിലെ കടൽ പ്രക്ഷുബ്‍ദമായിരിക്കുമെന്നും മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. തിരമാലകൾ നാലു മുതൽ അഞ്ചു മീറ്റർ ഉയരുമെന്നും സിവിൽ ഏവിയേഷന്റെ അറിയിപ്പിൽ സൂചിപ്പിക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂന മർദ്ദത്തിന്റെ ശക്തി കുറയുമെന്നും വാർത്തകുറിപ്പിൽ പറയുന്നു. ജനങ്ങൾ ജാഗ്രത പാലിക്കുവാൻ റോയൽ ഒമാൻ പോലീസും ആവശ്യപ്പെട്ടിട്ടുണ്ട്.