യുഎഇ സുസ്ഥിരതാ വര്‍ഷം ആചരിക്കുന്ന ഇക്കൊല്ലം അതേ പ്രമേയമുള്ള ചിത്രവുമായാണ് റെയ്സ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായ ബിനാലേയിലേക്ക് പോയത്. 

റെയ്സയുടെ ഓരോ ചിത്രങ്ങളും ഓരോ സന്ദേശങ്ങളാണ് പങ്കുവയ്ക്കുന്നത്. പക്ഷേ ഈ സന്ദേശങ്ങളുടെയെല്ലാം ആശയവും അടിസ്ഥാനവും ഒന്നാണ്. സുസ്ഥിരത. സുസ്ഥിരതമായ ലോകമെന്ന കാഴ്ചപ്പാടുകൾ പങ്കു വയ്ക്കുകയാണ് യുഎഇയില്‍ നിന്നുള്ള ഈ മലയാളി ചിത്രകാരി. ആ സന്ദേശവുമായി ഇവര്‍ നടന്ന് കയറിയത് കാന്‍ ബിനാലേയുടെ വലിയ ലോകത്തേക്കാണ്. റെയ്സയുടെ ചിത്രങ്ങളെ കുറിച്ചറിഞ്ഞ സംഘാടകരുടെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് ബിനാലെയില്‍ പങ്കാളിയായത്.

യുഎഇ സുസ്ഥിരതാ വര്‍ഷം ആചരിക്കുന്ന ഇക്കൊല്ലം അതേ പ്രമേയമുള്ള ചിത്രവുമായാണ് റെയ്സ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായ ബിനാലേയിലേക്ക് പോയത്. റിഫ്ളക്ഷന്‍സ് എന്ന പേരിട്ട ആ ചിത്രത്തിനുമുണ്ട് ഒട്ടേറെ പ്രത്യേകതകൾ. മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന രണ്ട് സ്ത്രീകളാണ് ആ കൊളാഷിലുള്ളത്. ഒരാൾ പഴയ കാലത്തെ പ്രതിനീധീകരിക്കുമ്പോൾ പുതിയ കാലത്തെ അവളുടെ പ്രതിഫലനമാണ് എതിര്‍ഭാഗത്തുള്ളത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെ കുറിച്ചുള്ള പത്രവാര്‍ത്തകളും ചില്ലു കഷണങ്ങളും ചണനാരുകളുമെല്ലാം ഈ കൊളാഷിലുണ്ട്.

വലിയ നിരൂപക പ്രശംസയാണ് സുസ്ഥിരതയുടെ സന്ദേശവുമായെത്തിയ ഈ കലാസൃഷ്ടിക്ക് കാന്‍ ചലച്ചിത്രമേളയില്‍ ലഭിച്ചത്. സുസ്ഥിരമായ ചിത്രരചനാ സങ്കേതങ്ങളുടെ ഉപയോഗത്തിന്റെ പ്രചാരണത്തിലൂടെ ഗിന്നസ് റെക്കോര്‍ഡിലും റെയ്സ ഇടം നേടിയിട്ടുണ്ട്. അബുദാബിയില്‍ ഇന്ത്യൻ എംബസിയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചായിരുന്നു റെയ്സയുടെ റെക്കോര്‍ഡ് പ്രകടനം. എണ്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സുസ്ഥിരമായ ചിത്രരചനാ സങ്കേതങ്ങൾ പരിചയപ്പെടുത്തിയതിനായിരുന്നു ഈ റെക്കോര്‍ഡ്.

യുഎഇയുടെ അമ്പതാം ദേശീയ ദിനത്തില്‍ വമ്പന്‍ കാന്‍വാസില്‍ റെയ്സ ഒരുക്കിയ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചെറുപ്പം മുതൽ ചിത്രങ്ങൾ വരയ്ക്കുമായിരുന്നുവെങ്കിലും ആര്‍ക്കിടെക്ചറിന് പഠിക്കാൻ ചേര്‍ന്നതോടെയാണ് പുതിയ രചനാ സങ്കേതങ്ങളുടെ സാധ്യതകൾ റെയ്സ മനസിലാക്കുന്നത്. ഇന്ന് സംരഭക എന്ന നിലയിലും ചിത്രകാരി എന്ന നിലയിലും ഒരു പോലെ പ്രശസ്തയാണ് റെയ്സ.

ചിത്രരചനയില്‍ ഒട്ടേറെ പരീക്ഷണങ്ങളും റെയ്സ നടത്തുന്നു. ചിത്രരചനയുടെ പുതിയ സാധ്യതകളും പരീക്ഷിക്കുന്നു. ഇതിനകം ഒട്ടേറെ പ്രശസ്തമായ വേദികളില്‍ റെയ്സ തന്‍റെ ചിത്രങ്ങൾ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തന്റെ ചിത്രങ്ങളിലൂടെ ഒരു നല്ല സന്ദേശം ലോകത്തിന് മുമ്പാകെ വെയ്ക്കുകയാണ് റെയ്സ മറിയം രാജന്‍. അത് തന്നെയാണ് ഈ ചിത്രങ്ങളുടെ സവിശേഷതയും.

വീഡിയോ കാണാം...
YouTube video player

Read also: അതിമനോഹരമായ കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാന്‍ മുസണ്ടത്തിലേക്കൊരു യാത്ര