വീടുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും പണവും മറ്റ് വിലപിടിപ്പുള്ള വസ്കതുക്കളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. രണ്ട് ലക്ഷം ദിര്‍ഹം വിലയുള്ള വസ്കുക്കള്‍ മോഷണം പോയതായി പൊലീസ് അറിയിച്ചു.

റാസല്‍ഖൈമ: നിരവധി വീടുകളിലും വാഹനങ്ങളിലും മോഷണം നടത്തി സംഘങ്ങളെ 48 മണിക്കൂറിനകം പിടികൂടിയതായി റാസല്‍ഖൈമ പൊലീസ് അറിയിച്ചു. റാസല്‍ഖൈമയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം നാല് വ്യത്യസ്ഥ സംഘങ്ങളാണ് വ്യാപകമായ മോഷണം നടത്തിയതെന്ന് ഡെപ്യൂട്ടി ജനറല്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖൈസ് അല്‍ ഹദീദി അറിയിച്ചു.

വീടുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും പണവും മറ്റ് വിലപിടിപ്പുള്ള വസ്കതുക്കളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. രണ്ട് ലക്ഷം ദിര്‍ഹം വിലയുള്ള വസ്കുക്കള്‍ മോഷണം പോയതായി പൊലീസ് അറിയിച്ചു. വിവിധ രാജ്യക്കാരാണ് സംഘങ്ങളിലുണ്ടായിരുന്നത്. വീടുകളില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയതിന് പുറമെ വാഹനം ഓടിച്ചിരുന്ന സ്ത്രീയെ ആക്രമിച്ച് പണം കവരുകയും ചെയ്തു. ഏതാനും ടാക്സി വാഹനങ്ങളില്‍ നിന്ന് പണവും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നുവെന്നും പരാതി ലഭിച്ചു.

വിവിധയിടങ്ങളില്‍ നിന്ന് മോഷണം സംബന്ധിച്ച പരാതികള്‍ ലഭിച്ചതോടെ റാസല്‍ഖൈമ പൊലീസ് പ്രതികള്‍ക്കായി വ്യാപക അന്വേഷണം തുടങ്ങി. നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചായിരുന്നു പരിശോധനയും അന്വേഷണവും നടത്തിയത്. തുടര്‍ന്ന് 48 മണിക്കൂറിനകം പ്രതികളെ പിടികൂടാന്‍ കഴിഞ്ഞതായി റാസല്‍ഖൈമ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അഹ്‍മദ് സഈദ് മന്‍സൂര്‍ പറഞ്ഞു. പ്രതികള്‍ ലഹരിക്ക് അടിമകളായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ സംഘങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണവും പുരോഗമിക്കുന്നു.

പണവും വിലയേറിയ സാധനങ്ങളും വാഹനങ്ങളില്‍ സൂക്ഷിക്കരുതെന്നും വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്ത ശേഷം അലക്ഷ്യമായി മറ്റിടങ്ങളിലേക്ക് പോകരുതെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആളുകളുടെയും വസ്തുവകകളുടെയും സുരക്ഷയ്ക്കായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് നല്ലതാണെന്നും പൊലീസ് അറിയിച്ചു.