യുഎഇയിലും ശനിയാഴ്ച റമദാന്‍ വ്രതം ആരംഭിക്കും. 

റിയാദ്: മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയില്‍ റമദാന്‍ വ്രതം ശനിയാഴ്ച (ഏപ്രില്‍ 2) ആരംഭിക്കും. ഇശാ നമസ്‌കാരത്തിന് ശേഷം മക്ക, മദീന ഹറമുകളിലും മറ്റ് പള്ളികളിലും തറാവീഹ് നമസ്‌കാരം നടക്കും. രാജ്യത്തെ ഹോത്ത സുദൈർ പട്ടണത്തിൽ മാസപ്പിറവി ദർശിച്ചതിനെ തുടർന്നാണ് ശനിയാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് സൗദി സുപ്രിംകോടതി പ്രഖ്യാപിച്ചത്. 

മാസപ്പിറവി നിരീക്ഷണ കമ്മറ്റിയുടെ കീഴില്‍ രാജ്യത്ത് സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ ഇന്ന് മാസപ്പിറവി നിരീക്ഷിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. യുഎഇയിലും ശനിയാഴ്ച റമദാന്‍ വ്രതം ആരംഭിക്കും.

അതേസമയം റമദാന്‍ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം വ്യക്തമാക്കി. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ (കെ എൻ എം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ മദനി അറിയിച്ചു. എന്നാൽ സുന്നി വിഭാഗങ്ങൾ നാളെയെ തീരുമാനം അറിയിക്കുകയുള്ളൂ. 

ദക്ഷിണ ഓസ്ട്രേലിയയിൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ വ്രതം തുടങ്ങുമെന്ന് ഇമാം വ്യക്തമാക്കി. ഈജിപ്തും നാളെ വ്രതാരംഭം എന്ന് അറിയിച്ചിട്ടുണ്ട്. ഒമാൻ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഏപ്രിൽ മൂന്നിന് വ്രതം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.