സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന രഞ്ജിത ഒമ്പത് വര്‍ഷം ഒമാനില്‍ താമസിച്ചിരുന്നു. അമ്മയും മക്കളും രഞ്ജിതക്കൊപ്പം സലാലയില്‍ ഉണ്ടായിരുന്നു.

മസ്കറ്റ്: അഹമ്മദബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളിയായ രഞ്ജിതയുടെ മരണത്തിന്‍റെ ഞെട്ടലില്‍ സലാലയിലെ പ്രവാസി സമൂഹം. ഒമാനിലെ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു രഞ്ജിത. ഒമ്പത് വര്‍ഷം ഇവിടെ ജോലി ചെയ്ത ശേഷം ഒരു വര്‍ഷം മുമ്പാണ് രഞ്ജിത യുകെയിലേക്ക് പോയത്.

സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിലും വിഐ പി വിഭാഗത്തിലും രഞ്ജിത നായർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രഞ്ജിതയുടെ അമ്മയും രണ്ടു മക്കളും സലാലയിൽ ഉണ്ടായിരുന്നു .2024 ജൂൺ മാസമാണ് സലാലയിലെ പ്രവാസ ജീവിതം മതിയാക്കി രഞ്ജിതയും മക്കളും അമ്മയും നാട്ടിലേക്ക് പോയത് . നാട്ടിൽ നിന്നും പിന്നട് ഓഗസ്റ്റ് മാസം ജോലിക്കായി യുകെയിലേക്കും പോകുകയായിരുന്നു രഞ്ജിത. രഞ്ജിതയുടെ മകനും മകളും സലാല ഇന്ത്യൻ സ്കൂളിലാണ് പഠിച്ചിരുന്നതും.

ദീര്‍ഘകാലം ഒമാനില്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിതയെ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ പിന്നീട് മറക്കില്ലെന്നും അത്ര സൗമ്യമായ പെരുമാറ്റമായിരുന്നു അവരുടേതെന്നും സുഹൃത്തായ പ്രസീത ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. യുകെയിലേക്ക് പോകാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടെയാണ് രഞ്ജിത മക്കളെയും അമ്മയെയും നാട്ടിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് മക്കളെ നാട്ടിലെ സ്കൂളില്‍ ചേര്‍ക്കുകയും ചെയ്തു. ജീവിതത്തില്‍ പല പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നപ്പോഴും എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം കാണപ്പെട്ടിരുന്ന രഞ്ജിത, സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ ജീവനക്കാര്‍ക്കും പ്രിയങ്കരിയായിരുന്നു. എന്ത് സഹായവും ചോദിച്ചാല്‍ മടി കൂടാതെ ചെയ്ത് തരുന്ന വ്യക്തിയായിരുന്നു രഞ്ജിതയെന്നും സുഹൃത്ത് പറയുന്നു. പഠനത്തിലും കലാ രംഗത്തും മികവ് പുലര്‍ത്തിയിരുന്നു രഞ്ജിത. 

കുടുംബത്തിന് വേണ്ടി ജീവിച്ച രഞ്ജിത മക്കളുടെ സുരക്ഷിതമായ ഭാവിയെ കരുതിയാണ് യുകെയില്‍ മികച്ച ജോലി തേടി പോയത്. എന്നാല്‍ പിന്നീട് യുകെയില്‍ തുടരാന്‍ കഴിയാതെ വന്നതോടെ നാട്ടില്‍ സ്ഥിരതാമസമാക്കാനും തീരുമാനിച്ചിരുന്നു. അമ്മയ്ക്കും മക്കള്‍ക്കുമായി ഒരു വീട് സ്വന്തമായി വേണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് രഞ്ജിത വിട പറഞ്ഞത്.

YouTube video player