യുഎഇ: ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് ദ്രുതപരിശോധന നടത്തുമെന്ന് യുഎഇ. പരിശോധനയ്ക്ക് ശേഷം മാത്രമേ വിമാനത്തില്‍ കയറ്റൂ. യാത്രക്കാര്‍ക്ക് മാസ്‍കും സാനിറ്റൈസറും ഗ്ലൗസും നല്‍കും. ഇന്ത്യയിൽ എത്തിയാൽ 14 ദിവസം നിരീക്ഷണമെന്ന് യുഎഇ ഇന്ത്യൻ എംബസിയും അറിയിച്ചു. അതേസമയം കൊവിഡ് ബാധിച്ച് യുഎഇയില്‍ ഒന്‍പത് പേര്‍ കൂടി മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണ സംഖ്യ 146 ആയി. 

ചൊവ്വാഴ്ച 462 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 15192 പേര്‍ക്കാണ് ഇതുവരെ യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം ഭേദമായ 187 പേരടക്കം ഇതുവരെ 3153 പേര്‍ കൊവിഡ് മുക്തരായി. 24 മണിക്കൂറിനിടെ 28,000ല്‍ അധികം പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് പരിശോധന നടത്തിയത്. കൂടുതല്‍ പേര്‍ കൊവിഡ് മുക്തരായി ആശുപത്രി വിടുന്നത് ആശ്വാസം പകരുന്നുണ്ട്.