2023 ജനുവരിയോടെ രാജ്യത്ത് എല്ലാ മിനി ബസുകളും നിരോധിക്കാനാണ് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് മുന്‍പ് 2021 സെപ്തംബര്‍ മുതല്‍ തന്നെ സ്കൂള്‍ വിദ്യാര്‍ത്ഥികളെ മിനി ബസുകളില്‍ കൊണ്ടുപോകുന്നതിന് നിരോധനം വരും.
അബുദാബി: അടുത്ത മൂന്ന് വര്‍ഷം കൊണ്ട് രാജ്യത്ത് മിനി ബസുകള്‍ പൂര്‍ണമായി നിരോധിക്കാനാണ് യുഎഇ അധികൃതരുടെ നീക്കം. ഇതിനുള്ള ശുപാര്‍ശ ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചുകഴിഞ്ഞു. മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുകയെന്ന നടപടിക്രമം മാത്രമാണ് ഇനി ബാക്കി. കഴിഞ്ഞ ദിവസം ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ പ്രസിഡന്റും ദുബായ് പൊലീസ് ഡെപ്യൂട്ടി കമാണ്ടര്‍ ജനറലുമായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
2023 ജനുവരിയോടെ രാജ്യത്ത് എല്ലാ മിനി ബസുകളും നിരോധിക്കാനാണ് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് മുന്‍പ് 2021 സെപ്തംബര്‍ മുതല്‍ തന്നെ സ്കൂള്‍ വിദ്യാര്‍ത്ഥികളെ മിനി ബസുകളില്‍ കൊണ്ടുപോകുന്നതിന് നിരോധനം വരും. ഇത്തരം വാഹനങ്ങള്‍ ഉള്‍പ്പെടുന്ന അപകടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവന്നതോടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മിനി ബസുകളുടെ കാര്യം പരിശോധിച്ചുവരികയായിരുന്നുവെന്നാണ് മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞത്. യുഎഇയിലെ റോഡപകടങ്ങളില്‍ 15 ശതമാനവും മിനി ബസുകള്‍ കാരണമാണെന്നാണ് കണക്ക്.
നിലവില്‍ യുഎഇയില്‍ അന്‍പതിനായിരം മിനി ബസുകള്‍ ഉണ്ടെന്നാണ് കണക്ക്. ആയിരക്കണക്കിന് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാനായി ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നതാണ് സ്ഥിതി കൂടുതല്‍ ആശങ്കാജനകമാക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. രണ്ട് വര്‍ഷം മുന്‍പ് ദുബായിലെ മുഹൈസിനയില്‍ മിനിബസ് അപകടത്തില്‍ പെട്ട് 10 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. കാറുകള്‍ക്കുള്ളത് പോലുള്ള സുരക്ഷാ സംവിധാനങ്ങള്‍ മിനിബസുകളില്‍ ഇല്ലെന്നതാണ് പ്രധാന പ്രശ്നമെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞു. 14 പേര്‍ക്കാണ് ഇവയില്‍ യാത്ര ചെയ്യാനാവുന്നത്. സീറ്റുകള്‍ വളരെ അടുത്തടുത്തായി സജ്ജീകരിച്ചിരിക്കുന്നതിനാല്‍ ഇവ അപകടത്തില്‍പെട്ടാല്‍ അതിന്റെ ആഘാതം വളരെ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മിനിബസുകളുടെ സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് 2013ല്‍ ഇവയില്‍ സ്പീഡ് ബ്രേക്കറുകള്‍ ഘടിപ്പിച്ചിരുന്നു. മണിക്കൂറില്‍ പരമാവധി 100 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ ഇവയ്ക്ക് സഞ്ചരിക്കാനാവൂ. സ്പീഡ് ബ്രേക്കറുകള്‍ ഉണ്ടെങ്കില്‍ പോലും 2018 ജനുവരി മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ മാത്രം 24 മിനി ബസ് അപകടങ്ങളുണ്ടായെന്നും 13 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസൂരി പറഞ്ഞു. ഈ വര്‍ഷമുണ്ടായ മിനിബസ് അപകടങ്ങളില്‍ ആറ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. 17 പേര്‍ക്ക് സാരമായ പരിക്കുകളേല്‍ക്കുകയും 26 പേര്‍ക്ക് നിസാര പരിക്കുകളേല്‍ക്കുകയും ചെയ്തു.
സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും അവ കാരണമുണ്ടാകുന്ന അപകടങ്ങളുടെ എണ്ണവും പരിഗണിച്ച് 2016 മാര്‍ച്ച് മുതല്‍ മിനി ബസുകളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മിനി ബസുകളുടെ ലൈസന്‍സിന് അബുദാബി പൊലീസ് പുതിയ മാനദണ്ഡങ്ങളും കൊണ്ടുവന്നു. ഇതിന് പിന്നാലെയാണ് യുഎഇയില്‍ മുഴുവനായി മിനിബസുകള്‍ നിരോധിക്കാന്‍ ഫെഡറല്‍ ട്രാന്‍സ്പോര്‍ട്ട് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. 2023 ജനുവരിയോടെ മിനിബസുകളില്‍ യാത്രക്കാരെ കൊണ്ടുപോകുന്നത് പൂര്‍ണമായി അവസാനിക്കും. എന്നാല്‍ ഇവയില്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നത് അനുവദിച്ചേക്കുമെന്നാണ് വിവരം.
