ദോഹ: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കുന്ന ക്യാമ്പയിന്‍ ഖത്തറില്‍ പുരോഗമിക്കുന്നു. മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ നടക്കുന്ന ക്യാമ്പയിനില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 6,500 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കിയിരുന്നു. കഴിഞ്ഞ ദിവസം അല്‍ദായേന്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ഇത്തരത്തില്‍ 120 വാഹനങ്ങള്‍ കണ്ടെത്തിയിരുന്നു. എല്ലാ മുന്‍സിപ്പാലിറ്റികളിലും ക്യാമ്പയിന്‍ പ്രകാരം പരിശോധനകള്‍ നടത്തുന്നുണ്ട്.

ഉദ്യോഗസ്ഥരെത്തി ഏതൊക്കെ വാഹനങ്ങളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളതെന്ന് കണക്ക് ശേഖരിക്കും. ഇത്തരം വാഹനങ്ങളില്‍ ആദ്യം സ്റ്റിക്കര്‍ പതിക്കും. പിന്നീട് മൂന്ന് ദിവസം ഉടമകള്‍ക്ക് അവരുടെ സ്വന്തം ചെലവില്‍ വാഹനം നീക്കം ചെയ്യാന്‍ സമയം നല്‍കും. ഈ സമയത്തിനുള്ളില്‍ വാഹനം നീക്കിയില്ലെങ്കില്‍ അധികൃതര്‍ നടപടിയെടുക്കും. വാഹനം നീക്കുന്നതിന്റെ ചെലവും പിഴയും വാഹന ഉടമകളില്‍ നിന്ന് ഈടാക്കും. തുടര്‍ നിയമനടപടികളും സ്വീകരിക്കും. അതേസമയം ഗതാഗത പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന ഭാഗത്താണ് വാഹനമുള്ളതെങ്കില്‍ മുന്നറിയിപ്പൊന്നും നല്‍കാതെ തന്നെ അധികൃതര്‍ വാഹനം സ്ഥലത്ത് നിന്ന് നീക്കും. ഈ വര്‍ഷം ജൂലൈയിലാണ് ദോഹ മുന്‍സിപ്പാലിറ്റിയില്‍ ക്യാമ്പയിന്‍ ആരംഭിച്ചത്. 

നിങ്ങളുടെ താമസസ്ഥലത്തോ സ്ഥാപനത്തിന് സമീപമോ ശല്യമാകുന്ന തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങള്‍ കാണുകയാണെങ്കില്‍ അതിന്റെ ഫോട്ടോയെടുത്ത് 33238885 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കുകയും ചെയ്യാം.