2022-ൽ ജനിച്ചത് 16,000-ത്തിലധികം ഇരട്ടകൾ
റിയാദ്: സൗദി അറേബ്യയിൽ പ്രതിദിനം ശരാശരി 44 ഇരട്ടകൾ ജനിക്കുന്നതായി റിപ്പോർട്ട്. 2022ൽ സൗദി സ്ത്രീകൾ 16,000ലധികം ഇരട്ടകൾക്ക് ജന്മം നൽകിയതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. സാമ്പത്തിക ആസൂത്രണ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 2022ൽ സൗദിയിൽ ഏകദേശം 4,17,000 പ്രസവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ഏകദേശം നാലു ലക്ഷം ഒറ്റ ജനനങ്ങളാണ്.
16,160 ഇരട്ട ജനന കേസുകളും 896 ട്രിപ്പിൾ അല്ലെങ്കിൽ അതിലധികമോ ജനനങ്ങളുമാണ്. ഏറ്റവും കൂടുതൽ ജനനങ്ങൾ 25-29 വയസ്സിനിടയിലുള്ളവരിലാണെന്നും കണക്ക് വ്യക്തമാക്കുന്നു. അതേസമയം 2022ൽ സൗദിയിതര അമ്മമാർക്ക് 67,500 ജനനങ്ങൾ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണക്കിലുണ്ട്. ഇതിൽ 63,800 ഒറ്റ പ്രസവങ്ങളും 3,400 ഇരട്ട ജനനങ്ങളും 343 ട്രിപ്പിൾ ജനനങ്ങളും അതിലധികവുമാണ്. സൗദിയിതര സ്ത്രീകളിൽ ഏറ്റവും കൂടുതൽ ജനനങ്ങൾ 30-34 വയസ്സിനിടയിലുള്ളവരാണെന്ന് സൂചിപ്പിക്കുന്നു.
Read Also - വധശിക്ഷ ഒഴിവാക്കി; മുൻ നാവിക ഉദ്യോഗസ്ഥർക്ക് ഖത്തറില്‍ നല്‍കിയത് 3 മുതൽ 25 വർഷം വരെ തടവുശിക്ഷ
സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി
റിയാദ്: സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി. മക്ക മേഖലയിൽ നിലവിലുള്ള മൻസൂറ, മസാറ സ്വർണ ഖനികളോട് ചേർന്നാണ് സുപ്രധാന നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതെന്ന് സൗദി മൈനിങ് കമ്പനി (മആദിൻ) അറിയിച്ചു. 2022 ൽ ആരംഭിച്ച കമ്പനിയുടെ തീവ്രമായ പര്യവേക്ഷണ പരിപാടിയിലെ ആദ്യത്തെ കണ്ടെത്തലാണിത്. മൻസൂറക്കും മസാറക്കും ചുറ്റും കമ്പനിയുടെ പര്യവേക്ഷണം തുടരുകയാണ്. അൽഉറുഖിന് തെക്ക് ഒന്നിലധികം സ്ഥലങ്ങളിലും മൻസൂറ, മസാറ ഖനികൾക്ക് തെക്ക് 100 കിലോമീറ്റർ നീളത്തിലും കമ്പനി പര്യവേക്ഷണം നടത്തി.
125 കിലോമീറ്റർ നീളത്തിൽ നിക്ഷേപമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ സൗദി അറേബ്യ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രധാന സ്വർണ വലയമായി പ്രദേശം മാറുമെന്ന വലിയ പ്രതീക്ഷയുണ്ട്. വിഭവങ്ങൾ ആഴത്തിലും പരപ്പിലും ലഭ്യമാണ്. ഇത് ഖനിയിലെ സമ്പത്തിെൻറ സമൃദ്ധിയെ സൂചിപ്പിക്കുന്നു. ഭൂഗർഭ വികസനത്തിലൂടെ ഖനിയുടെ ആയുസ്സ് നീട്ടാനാകുമെന്നും കമ്പനി പറഞ്ഞു. 2023 അവസാനത്തോടെ മൻസൂറയിലെയും മസാറയിലെയും സ്വർണ വിഭവങ്ങളുടെ അളവ് ഏകദേശം 70 ലക്ഷം ഔൺസ് ആണ്. പ്രതിവർഷം രണ്ടര ലക്ഷം ഔൺസ് ആണ് ഉത്പാദന ശേഷി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്വർണ ഖനന പദ്ധതികളിൽ ഒന്നാണിത്.
