ജിസിസിയിലെ ജനസംഖ്യയില്‍ കഴിഞ്ഞ വര്‍ഷം നാല് ശതമാനം കുറവുണ്ടായതായി എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിങ്സ് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് മഹാമാരിക്കാലത്ത് ഗള്‍ഫ് മേഖലയിലെ ജനസംഖ്യാ വ്യതിയാനത്തിന്‍റെ ആദ്യ സൂചനയായി ഇതിനെ കണക്കാക്കാം. സ്വദേശികളെ അപേക്ഷിച്ച് വിദേശികളുടെ പങ്കാളിത്തത്തില്‍ 2023ഓടെ കുറവുണ്ടാകും.

ലണ്ടന്‍: പ്രവാസി തൊഴിലാളികളുടെ കൂട്ടപ്പലായനം മൂലം ജനസംഖ്യയിലുണ്ടായ കുറവ് ഗള്‍ഫ് അറബ് സമ്പദ് വ്യവസ്ഥയിലെ വൈവിധ്യവത്കരണത്തെ ബാധിക്കുമെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്സ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ പ്രവാസികള്‍ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത് ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയിലെ വൈവിധ്യവത്കരണത്തിന് ദീര്‍ഘകാല വെല്ലുവിളികള്‍ സൃഷ്ടിക്കും.

ജിസിസിയിലെ ജനസംഖ്യയില്‍ കഴിഞ്ഞ വര്‍ഷം നാല് ശതമാനം കുറവുണ്ടായതായി എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിങ്സ് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് മഹാമാരിക്കാലത്ത് ഗള്‍ഫ് മേഖലയിലെ ജനസംഖ്യാ വ്യതിയാനത്തിന്‍റെ ആദ്യ സൂചനയായി ഇതിനെ കണക്കാക്കാം. സ്വദേശികളെ അപേക്ഷിച്ച് വിദേശികളുടെ പങ്കാളിത്തത്തില്‍ 2023ഓടെ കുറവുണ്ടാകും. എണ്ണ ഇതര മേഖലയിലെ ഇടിവും തൊഴില്‍ മേഖലയിലെ സ്വകാര്യവത്കരണ നയങ്ങളുമാണ് ഇതിന് കാരണമെന്ന് എസ് ആന്‍ഡ് പി ക്രെഡിറ്റ് അനലിസ്റ്റുകള്‍ പറയുന്നു. കൊവിഡ് പ്രതിസന്ധിയും എണ്ണവിലയിലുണ്ടായ കുറവും മൂലം, ഗള്‍ഫ് രാജ്യങ്ങളില്‍ 2020ലുണ്ടായ പ്രവാസികളുടെ കൂട്ടപ്പലായനം തൊഴില്‍ വിപണിയില്‍ ദ്രുതഗതിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ 2023 വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദേശീയ ജനസംഖ്യയില്‍ മാനവിഭവ ശേഷി കാര്യമായി വര്‍ധിപ്പിക്കുകയും തൊഴില്‍ വിപണിയില്‍ പുരോഗതി ഉണ്ടാകുകയും ചെയ്തില്ലെങ്കില്‍ ജിസിസി രാജ്യങ്ങളിലെ ഉല്‍പ്പാദനക്ഷമത, വരുമാനം, സാമ്പത്തിക വൈവിധ്യവത്കരണം എന്നിവ ദീര്‍ഘകാലത്തേക്ക് സ്തംഭിക്കുന്ന അവസ്ഥ ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിങ്ങനെ ആറ് ജിസിസി രാജ്യങ്ങളും വ്യവസായ മേഖലയില്‍ വിദേശ തൊഴിലാളികളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. സ്വകാര്യ മേഖലയിലെ തൊഴില്‍ശക്തിയില്‍ 90 ശതമാനവും വിദേശികളെയാണ് ആശ്രയിക്കുന്നതെന്ന് എസ് ആന്‍ഡ് പി വ്യക്തമാക്കുന്നു.

എണ്ണ വിലയിലെ ഇടിവും ആഗോള ആരോഗ്യ അടിയന്തരാവസ്ഥയും, ഊര്‍ജസ്രോതസ്സുകളെ ആശ്രയിക്കുന്ന സാമ്പത്തിക രംഗത്തെ തകര്‍ച്ചയിലേക്കും ഇത് മൂലം സാമ്പത്തിക മാന്ദ്യത്തിലേക്കും നയിച്ചു. ഇതോടെ തൊഴില്‍ വിസയിലെത്തിയ പ്രവാസികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായി. മാനവവിഭവശേഷി വര്‍ധിപ്പിക്കുന്ന രീതിയിലുള്ള സാമ്പത്തിക, സാമൂഹിക പരിഷ്‌കരണങ്ങളിലൂടെ നിലവിലെ മാറ്റങ്ങള്‍ തരണം ചെയ്തില്ലെങ്കില്‍ ഗള്‍ഫ് മേഖലയിലെ സമ്പദ് വ്യവസ്ഥയില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗള്‍ഫ് മേഖലയിലെ സാമ്പത്തികരംഗം നിയന്ത്രിക്കുന്നത് പ്രധാനമായും ഊര്‍ജസ്രോതസ്സുകളുടെ ഉല്‍പ്പാദനവും അവയുടെ വിലയുമാണെന്നും അതിനാല്‍ ജനസംഖ്യയില്‍ പെട്ടെന്നുണ്ടായ മാറ്റം മേഖലയിലെ സാമ്പത്തിക വളര്‍ച്ചയെ കാര്യമായി ബാധിക്കില്ലെന്നും അനലിസ്റ്റുകള്‍ കൂട്ടിച്ചേര്‍ത്തു.