സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറ്റിയുടെ അറിയിപ്പ് പുറത്തുവന്ന ശേഷം 30 ദിവസത്തിനുള്ളിൽ പുതിയ വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാണ് നിർദേശം.

കുവൈത്ത് സിറ്റി: കുവൈത്തിൽ 325 പ്രവാസികളുടെ താമസ വിലാസങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്ന് നീക്കം ചെയ്തതായി രാജ്യത്തെ സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി അറിയിച്ചു. ഇവർ നൽകിയിരുന്ന വിലാസത്തിലെ യഥാർത്ഥ വസ്തു ഉടമയുടെ അഭ്യർത്ഥന പ്രകാരമോ, അല്ലെങ്കിൽ വ്യക്തികൾ വിലാസം രജിസ്റ്റർ ചെയ്തിരുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിനാലോ ആണ് ഈ നടപടി സ്വീകരിച്ചത്. വിലാസം നീക്കം ചെയ്യപ്പെട്ടവർ പുതിയ താമസ വിലാസം രജിസ്റ്റർ ചെയ്ത് അവരുടെ വിവരങ്ങൾ പുതുക്കണമെന്നാണ് നിർദേശം. ഇതിനായി സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി ഓഫീസുകൾ സന്ദർശിക്കണമെന്നും അധികൃതർ അറിയിച്ചു.

അറിയിപ്പ് പുറത്തുവിട്ട തീയതി മുതൽ പരമാവധി 30 ദിവസത്തിനുള്ളിൽ ആവശ്യമായ എല്ലാ രേഖകളും സഹിതം ഈ അപ്‌ഡേറ്റ് പൂർത്തിയാക്കണമെന്നാണ് സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറ്റിയുടെ നിർദേശം. നിശ്ചിത സമയപരിധിക്കുള്ളിൽ ഈ നിർദേശം പാലിക്കാത്ത പക്ഷം 1982ലെ 32-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 33 അനുസരിച്ചുള്ള പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിയമം അനുസരിച്ച് ഓരോ വ്യക്തിക്കും 100 കുവൈത്തി ദിനാർ വരെ പിഴ ചുമത്തും. റദ്ദാക്കപ്പെട്ട വിലാസത്തിൽ താമസിച്ചിരുന്ന വ്യക്തികളുടെ എണ്ണം അനുസരിച്ച് പിഴയുടെ തുകയും വർദ്ധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം