എ350-1000 സീരീസിലുള്ള വിമാനങ്ങളുടെ ഓർഡറാണ് എയർ ബസിന് നൽകിയതെന്ന് റിയാദ് എയർ അധികൃതർ വ്യക്തമാക്കി
റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിൽ ആരംഭിക്കുന്ന റിയാദ് എയർ 50 പുതിയ എയർബസ് വിമാനങ്ങൾ കൂടി വാങ്ങും. പാരീസിൽ നടന്ന 55ാമത് എയർ ഷോയ്ക്കിടെ എയർ ബസ് കമ്പനിയുമായി റിയാദ് എയർ വാങ്ങൽ കരാർ ഒപ്പിട്ടു.
എ350-1000 സീരീസിലുള്ള വിമാനങ്ങളുടെ ഓർഡറാണ് എയർ ബസിന് നൽകിയതെന്ന് റിയാദ് എയർ അധികൃതർ വ്യക്തമാക്കി. ലെ ബർഗെറ്റ് വിമാനത്താവളത്തിൽ നടന്ന പാരീസ് എയർ ഷോയിൽ റിയാദ് എയർ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആദം ബൂകദീദയും എയർബസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ഓഫ് സെയിൽസ് ബെനോയിറ്റ് ഡി സെൻറ് എക്സുപെറിയും കരാറിൽ ഒപ്പുവെച്ചു. സൗദി പൊതുനിക്ഷേപ നിധി ഗവർണറും റിയാദ് എയർ ചെയർമാനുമായ യാസിർ അൽ റുമയ്യാൻ, റിയാദ് എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോണി ഡഗ്ലസ്, എയർബസ് കൊമേഴ്‌സ്യൽ എയർക്രാഫ്റ്റിന്റെ പ്രസിഡന്റും സിഇഒയുമായ ക്രിസ്റ്റ്യൻ ഷെറർ എന്നിവർ ഒപ്പുവയ്ക്കൽ ചടങ്ങിൽ പങ്കെടുത്തു.
എയർബസ് എ350-1000 വിമാനത്തിന് ഒറ്റ ട്രിപ്പിൽ 16,000 കിലോമീറ്റർ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. ഇത് റിയാദ് എയറിന് ലോകത്തിലെ ഏറ്റവും വിദൂര ലക്ഷ്യസ്ഥാനങ്ങളിലേക്ക് വരെ സർവിസ് നടത്താനുള്ള ആത്മവിശ്വാസം നൽകുന്നതാണെന്ന് സിഇഒ ടോണി ഡഗ്ലസ് പറഞ്ഞു. ലോകത്തെ എല്ലാ പ്രധാന നഗരങ്ങൾക്കിടയിലും മികച്ച നിലയിൽ വ്യോമഗതാഗത ബന്ധം സ്ഥാപിക്കാനും പ്രാപ്തമാക്കും.


