സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയറിൻ്റെ ആദ്യ രണ്ട് ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങൾ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു. 'റിയാദ് 1', 'റിയാദ് 2' എന്ന് പേരിട്ടിരിക്കുന്ന ഈ വിമാനങ്ങൾ, 2030-ഓടെ 100-ലധികം നഗരങ്ങളിലേക്ക് സർവീസ് നടത്താനുള്ള കമ്പനിയുടെ ബൃഹദ് പദ്ധതിയുടെ തുടക്കമാണ്.
റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയറിന്‍റെ വാണിജ്യ സർവീസുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ബോയിങ് 787-9 ഡ്രീംലൈനർ ശ്രേണിയിലെ ആദ്യ രണ്ട് വിമാനങ്ങൾ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു. കമ്പനിയുടെ ഔദ്യോഗിക സർവീസ് ആരംഭത്തിലേക്കുള്ള പ്രയാണത്തിൽ ഇതൊരു വലിയ ചരിത്ര നാഴികക്കല്ലാണെന്ന് റിയാദ് എയർ അധികൃതർ വ്യക്തമാക്കി.
‘റിയാദ് 1’, ‘റിയാദ് 2’ എന്നീ ലോഗോകൾ ആലേഖനം ചെയ്ത വിമാനങ്ങളാണ് തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. കമ്പനി ആകെ ഓർഡർ ചെയ്തിട്ടുള്ള 72 നൂതന ഡ്രീംലൈനർ വിമാനങ്ങളിൽ ആദ്യത്തേതാണ് ഇവ. ഈ രണ്ട് വിമാനങ്ങളുടെ വരവോടെ, വരും വർഷങ്ങളിൽ 180-ലധികം വിമാനങ്ങളുള്ള വൻ ഫ്ലീറ്റായി കമ്പനിയെ വികസിപ്പിക്കാനുള്ള റിയാദ് എയറിെൻറ അഭിലാഷ പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്. ഹ്രസ്വദൂര സർവീസുകൾക്കുള്ള നാരോ-ബോഡി വിമാനങ്ങളും ദീർഘദൂര സർവീസുകൾക്കുള്ള വൈഡ്-ബോഡി വിമാനങ്ങളും ഉൾപ്പെടുന്നതാണ് ഈ വിപുലീകരണ പദ്ധതി.
കമ്പനിയുടെ ഫ്ലീറ്റിലെ ആദ്യത്തെ രണ്ട് ഡ്രീംലൈനർ വിമാനങ്ങൾ റിയാദിൽ എത്തിയത് രാജ്യത്തിെൻറ വ്യോമയാന മേഖലയെ സംബന്ധിച്ച് ചരിത്രപരമായ ദിനമാണെന്ന് റിയാദ് എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോണി ഡഗ്ലസ് വിശേഷിപ്പിച്ചു. നിലവിൽ എത്തിച്ചേർന്ന വിമാനങ്ങളുടെ അന്തിമ സർട്ടിഫിക്കേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്നും, ഇതേ ശ്രേണിയിലുള്ള കൂടുതൽ വിമാനങ്ങൾ വരും ആഴ്ചകളിൽ എത്തിച്ചേരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
2030-ഓടെ റിയാദിനെ ലോകമെമ്പാടുമുള്ള 100-ലധികം ആഗോള ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ വിപുലീകരണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം പരമാവധി പ്രയോജനപ്പെടുത്താനും ഇതിലൂടെ സാധിക്കും. സൗദി അറേബ്യയുടെ വികസന കുതിപ്പായ 'വിഷൻ 2030'െൻറ ഭാഗമായുള്ള ദേശീയ വ്യോമയാന തന്ത്രത്തിെൻറ ലക്ഷ്യങ്ങൾ കൈവരിക്കുകയെന്നതും ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്നാണ്.


